സലാലയിൽ വാഹനാപകടം: ആലുവ സ്വദേശിയുൾപ്പെടെ രണ്ട്പേർക്ക് പരിക്ക്
text_fieldsസലാല: സലാല മുഗ്സെയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ ആലുവ ചെങ്ങമനാട് സ്വദേശി കരിയംപള്ളി വീട്ടിൽ മുഹമ്മദ് അസ്ലം (41) സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരാൾ തമിഴ്നാട് കോടമ്പാക്കം സ്വദേശി കാളിദാസനാണ്. അടിയന്തിര ശാസ്ത്രകിയക്ക് വിധേയനായ ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച സുഹ്യത്തുക്കളുമായി മുഗ്സെയിൽ ബീച്ചിൽ പോയ നാല് പേരടങ്ങിയ സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപെട്ടത്. തിരികെ വരുമ്പോൾ റെയ്സൂത്തിന് സമീപമാണ് അപകടം. രണ്ട് വരി പാതയായ ഇവിടെ എതിരെ വന്ന വാഹനം പൊടുന്നനെ ഇവർ സഞ്ചരിച്ച ട്രാക്കിലേക്ക് കയറി. കൂട്ടിയിടി ഒഴിവാക്കാൻ ഡ്രൈവറായിരുന്ന വടകര സ്വദേശി രാജീവ് കാർ പെട്ടെന്ന് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ വിളക്കു കാലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്‍റെ പിൻ സീറ്റിലായിരുന്ന അസ്ലമും കാളിദാസനും തെറിച്ചു വീണു. ഈ വീഴ്ചയിലാണ് ഇവർക്ക് പരിക്കേറ്റതെന്ന് കരുതുന്നു.
ഉടനെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻ സീറ്റിലുണ്ടായിരുന്ന രാജീവനും വടകര സ്വദേശി ബാലനും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെന്‍റിലേറ്ററിലുള്ള അസ്ലമിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്വകാര്യ ഹൈപ്പർമാർക്കറ്റ് കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.