അണ്ടർ 17 ഏഷ്യ കപ്പ് ഫുട്ബാൾ: യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: അടുത്ത വർഷം ബഹ്റൈനിൽ നടക്കുന്ന അണ്ടർ 17 ഏഷ്യ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ യോഗ്യത മത്സരങ്ങൾ ശനിയാഴ്ച മുതൽ സുൽത്താനേറ്റിൽ നടക്കും. ഒക്ടോബർ ഒന്നു മുതൽ ഒമ്പതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലായിരിക്കും ഗ്രൂപ് 'സി'യിലെ മത്സരങ്ങൾ അരങ്ങേറുക. ഇറാഖ്, ഖത്തർ, ലബനാൻ, ബഹ്റൈൻ, ഒമാൻ എന്നീ ടീമുകളാണ് ഗ്രൂപ് 'സി'യിലുള്ളത്.
സൗദിയിലെ വിദേശ ക്യാമ്പ് അവസാനിപ്പിച്ച് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായുള്ള അവസാനഘട്ട തയാറെടുപ്പുകളും ഒമാൻ ടീം നടത്തിയിട്ടുണ്ട്. യോഗ്യത മത്സരങ്ങൾക്കു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സൗദിയുമായി സമനിലയിൽ പിരിഞ്ഞെങ്കിൽ (2-2), ഇന്ത്യൻ ടീമിനോട് 3-1ന് പരാജയപ്പെടുകയും ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശനിയാഴ്ച ഖത്തർ ഇറാഖുമായും ഏറ്റുമുട്ടും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. രാത്രി 8.45ന് ബഹ്റൈൻ-ലബനാനുമായും മാറ്റുരക്കും.
തിങ്കളാഴ്ചയാണ് ഒമാന്റെ മത്സരം. വൈകീട്ട് അഞ്ചിന് നടക്കുന്ന കളിയിൽ ലബനാനാണ് എതിരാളി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബഹ്റൈനായിരിക്കും ഒമാന്റെ എതിരാളി. ഒക്ടോബർ ഏഴിന് ഖത്തറുമായും ഒമ്പതിന് ഇറാഖുമായും സുൽത്താനേറ്റിന്റെ കൗമാരപ്പട അങ്കം കുറിക്കും. അൽജീരിയയിൽ നടന്ന അറബ് കപ്പിലും ജോർഡനിൽ നടന്ന വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പരാജയപ്പെട്ടതിനുശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ കാത്തിരിക്കുകയാണ് കൗമാരപ്പട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.