യുക്രെയ്ൻ പ്രതിസന്ധി: എണ്ണവില ഉയരുന്നു
text_fieldsമസ്കത്ത്: റഷ്യ-യുക്രെയ്ൻ സംഘർഷം കാരണം എണ്ണവില ഉയരുന്നു. യുദ്ധം ആരംഭിച്ചതിന് തൊട്ടുപിറകെ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില ബാരലിന് 105 ഡോളറായി ഉയർന്നു. ഒറ്റ ദിവസംകൊണ്ട് അഞ്ചു ഡോളറാണ് വർധിച്ചത്. ഒമാൻ അസംസ്കൃത എണ്ണവിലയും വ്യാഴാഴ്ച 98 ഡോളറിലേക്ക് കടന്നിരുന്നു. ഏപ്രിലിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണക്ക് ദുബൈ മർക്കൈന്റൽ എക്സ്ചേഞ്ചിൽ വ്യാഴാഴ്ചത്തെ വില 97.69 ഡോളറായി. 4.06 ഡോളറാണ് ഒറ്റദിവസം വർധിച്ചത്. ബുധനാഴ്ച 93.63 ആയിരുന്നു ഒമാൻ എണ്ണവില. വെള്ളിയാഴ്ച ചെറിയ ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും വില ഇനിയും ഉയരാനാണ് സാധ്യത.
വിലവർധന മനഃശാസ്ത്രപരമാണെന്നും യുദ്ധം എണ്ണവിലയിൽ എന്ത് മാറ്റമാണുണ്ടാക്കുക എന്നറിയാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ച അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവിലയിൽ ചെറിയ കുറവുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ല. യുദ്ധത്തിലെ കക്ഷികളായ റഷ്യയും യുക്രെയ്നും എണ്ണ ഉൽപാദക രാജ്യങ്ങളാണ്. ലോകത്തിൽ എണ്ണ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് റഷ്യ.
സൗദി അറേബ്യയും യു.എ.ഇയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. യുക്രെയ്ൻ എണ്ണ ഉൽപാദനത്തിൽ 52ാം സ്ഥാനത്തുമാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് റഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇവിടങ്ങളിലേക്കുള്ള 35 ശതമാനം പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്നതും റഷ്യയാണ്. യുദ്ധം തുടരുകയാണെങ്കിൽ എണ്ണക്ക് ദൗർലഭ്യമുണ്ടാവുമെന്ന ആശങ്കയാണ് വില വർധിക്കാൻ പ്രധാന കാരണം. അമേരിക്കയും ഇറാനും തമ്മിൽ വിയനയിൽ നടക്കുന്ന ആണവ ചർച്ചകൾ എണ്ണ ഉപഭോഗ രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. ചർച്ച ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയാണ് ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം നൽകിയത്.
ഇറാൻ ആണവ പ്രശ്നം രമ്യതയിലെത്തുന്നതോടെ ആഗോള മാർക്കറ്റിലേക്ക് എണ്ണ എത്തും. ഇതോടെ നിലവിലെ വർധന കുറയുകയും ചെയ്യും. ഇറാൻ -അമേരിക്ക ചർച്ചകൾ പുരോഗമിക്കുന്നതുതന്നെ എണ്ണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. അതിനിടെ, എണ്ണ ഉൽപാദനം വർധിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. ദീർഘകാലാടിസ്ഥാനത്തിലുള്ളതും ആരോഗ്യകരവുമായ മാർക്കറ്റാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഒപെക് വ്യക്തമാക്കിയിരുന്നു. എണ്ണ ഉൽപാദനം വർധിപ്പിക്കാൻ അമേരിക്കൻ സമ്മർദമുണ്ടായിട്ടും ഒപെക് പിന്മാറിയിട്ടില്ല. ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഒപെക് അധികൃതരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ദിവസേന മൂന്നു ദശലക്ഷം ബാരൽ എണ്ണയാണ് ഒപെക് രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്നത്. നാലുലക്ഷം ബാരൽ വർധിപ്പിക്കാമെന്ന് ഒപെക് രാജ്യങ്ങളും സമ്മതിച്ചിരുന്നു.
ഉൽപാദനം കൂടുതൽ വർധിപ്പിക്കേണ്ടതില്ലെന്നാണ് ഇറാഖ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും അഭിപ്രായപ്പെടുന്നത്. യുദ്ധം ആരംഭിച്ചത് സ്വർണവില കുതിച്ചുയരാനും രൂപയുടെ മൂല്യം കുറയാനും കാരണമായിട്ടുണ്ട്. വ്യാഴാഴ്ച സ്വർണവില പെട്ടെന്ന് കുതിച്ചുയർന്നിരുന്നു. വ്യാഴാഴ്ച സ്വർണം ഗ്രാമിന് 24.500 റിയലായിരുന്നു ഒമാനിലെ വില. ഇത് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വെള്ളിയാഴ്ച നിരക്ക് താഴ്ന്നിട്ടുണ്ട്. റിയാലിന്റെ വിനിമയ നിരക്കും വ്യാഴാഴ്ച ഉയർന്നിരുന്നു.
ഒരു റിയാലിന് 195.70 എന്ന നിരക്കാണ് വ്യാഴാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഇത് കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ ഉയർന്ന നിരക്കാണ്. എന്നാൽ, വെള്ളിയാഴ്ച വിനിമയ നിരക്ക് കുറഞ്ഞിട്ടുണ്ട്. യുദ്ധം റഷ്യയും യുക്രെയ്നും തമ്മിലുള്ളതാണെങ്കിലും വിപത്ത് ലോകരാജ്യങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. എണ്ണ, പ്രകൃതിവാതകം എന്നിവയുടെ വിലവർധന ഇന്ത്യ അടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കും. ഇത്തരം രാജ്യങ്ങളിൽ പണപ്പെരുപ്പം വർധിക്കാനും വിലവർധനയുണ്ടാവാനും എണ്ണവില വർധന കാരണമാവും. ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് സാധാരണക്കാരെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.