അനധികൃത ഫണ്ട് ശേഖരണം; തടവും പിഴയും ലഭിക്കും
text_fieldsമസ്കത്ത്: അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ തടവും പിഴയും ഉൾപ്പെടെയുള്ള ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. അനധികൃത ധനസമാഹരണത്തെ വ്യക്തമായി പരാമർശിക്കുന്ന ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 299 ഉം 300 ഉം മന്ത്രാലയം എടുത്തുകാട്ടി.
ആർട്ടിക്കിൾ 299 പ്രകാരം, ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിക്കുകയോ പൊതുജനങ്ങളിൽനിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് മൂന്നു മാസം വരെ തടവോ 200 മുതൽ 600 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. അത്തരം അനധികൃതമായി ശേഖരിച്ച തുക കോടതി പിടിച്ചെടുക്കും.
തെറ്റായി ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം. അനധികൃതമായി പണം ശേഖരിച്ച് വിദേശത്തേക്ക് കടത്തിയാൽ ഒരു വർഷം വരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾക്ക് വിധേയമാകുമെന്ന് ആർട്ടിക്കിൾ 300 പറയുന്നു.
ഈ ഫണ്ടുകൾ കണ്ടുകെട്ടാനുള്ള അധികാരവും കോടതിയിൽ നിലനിർത്തിയിട്ടുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സുതാര്യവും നിയന്ത്രിതവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പിഴകൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.