ഖരീഫ് സീസണിലെ അപ്രതീക്ഷിത തിരക്ക്; കർഷകർ ആഹ്ളാദത്തിൽ
text_fieldsവാദി ദർബാത്ത് വെള്ളച്ചാട്ടത്തിന്റെ ഖരീഫ് കാല ദൃശ്യം –ചിത്രം: നിഖിൽ മോഹൻ
മസ്കത്ത്: ഇൗ വർഷത്തെ ഖരീഫ് സീസൺ അവസാനിച്ചതോടെ അപ്രതീക്ഷ സന്ദർശക തിരക്ക് ലഭിച്ച ആഹ്ളാദത്തിലാണ് സലാലയടക്കം ദോഫാറിലെ കർഷകരും വ്യാപാരികളും. ഖരീഫ് സീസണിൽ അപ്രതീക്ഷിതമായെത്തിയ സന്ദർശന പ്രവാഹം കാർഷിക, വ്യാപാരമടക്കം എല്ലാ മേഖലക്കും പുത്തനുണർവാണ് നൽകിയത്. ഇത്തവണയും മുടങ്ങുമെന്ന് കരുതിയ സന്ദർശക തിരക്കും വ്യാപാരവും തിരിച്ചു ലഭിച്ചത് മലയാളികൾ അടക്കമുളള കർഷകർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസമായി. മികച്ച കാലാവസ്ഥയും തിരക്കും കാരണം കഴിഞ്ഞ വർഷം ഖരീഫ് മുടങ്ങിയത് മൂലമുണ്ടായ നഷ്ടവും കടങ്ങളും നികത്താൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് കർഷകർ. ഇൗ വർഷം കഴിഞ്ഞ രണ്ട് മാസവും ഏറെ അനുകൂലമായ കാലവസ്ഥയാണ് ദോഫാറിൽ അനുഭവപ്പെട്ടത്. രണ്ടു മാസവും ഇൗറൻ കാലാവസ്ഥയും ഇടക്കിടെ ചാറ്റൽ മഴയുമുണ്ടായതും തണുത്ത കാലാവസ്ഥയും കൂടുതൽ സന്ദർശകരെ ആകർഷിച്ചു.
സാധാരണ ഗൾഫ് രാജ്യങ്ങളിൽനിന്ന് വൻ സന്ദർശന പ്രവാഹമാണ് ദോഫാറിലേക്ക് ഉണ്ടാകാറുള്ളത്. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ദോഫാറിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുാമനിച്ചതോടെയാണ് ഈ വർഷം സന്ദർശകരുടെ തിരക്ക് തുടങ്ങിയത്. മാസങ്ങൾ നീണ്ട അടച്ചിരിപ്പിന് ശേഷമുള്ള ആദ്യ അവസരമായതിനാൽ സ്വദേശികളാണ് ആദ്യം സലാലയിലേക്ക് ഒഴുകിയെത്തിയത്. മലയാളികളും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളും സീസണിൻെറ അവസാന കാലത്താണ് സലാലയിലെത്തിയത്.
സലാല ഫെസ്റ്റിവലിന് ഇൗ വർഷം ഇത്രയേറെ തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സലാലയിൽ ഇളനീർ വ്യാപാരം നടത്തുന്ന വടകര പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറഞ്ഞു. ഖരീഫ് സീസൺ തുടങ്ങുന്നതു വരെ അനിശ്ചിതത്വമായിരുന്നു. ഇൗ വർഷവും കോവിഡ് പ്രതിസന്ധി കാരണം വ്യാപാരം മുടങ്ങുമെന്നാണ് കരുതിയിരുന്നത്. അതിനാൽ ഖരീഫ് സീസണും സാധാരണ സീസൺ േപാലെയാവുമെന്നനിലയിലാണ് കാര്യങ്ങൾ നീങ്ങിയത്. ഖരീഫിനുവേണ്ടി പ്രത്യേക ഒരുക്കമോ കാർഷിക ഉൽപന്നങ്ങളുടെ കരുതി വെപ്പോ ഒന്നും നടന്നിരുന്നില്ല.
എന്നാൽ, അപ്രതീക്ഷതമായെത്തിയ സന്ദർശക പ്രവാഹം ഏറെ സന്തോഷകരമായി. സന്ദർശക തിരക്ക് കാരണം കരിക്ക് അടക്കം പല കാർഷിക വിഭവങ്ങൾക്കും ക്ഷാമം നേരിട്ടിരുന്നു. സാധാരണ ഖരീഫ് സീസണിൽ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽനിന്നുമൊക്കെ പഴവർഗങ്ങളും കരിക്കും ഇറക്കുമതി ചെയ്യാറുണ്ട്. ഇൗ വർഷം അനിശ്ചിതത്വം കാരണം ഇറക്കുമതി നടക്കാത്തത് ഇത്തരം ഉൽപന്നങ്ങളുടെ ദൗർലഭ്യതക്ക് കാരണമായി. സലാലയിൽ രണ്ടു മാസവും അനുഭവപ്പെട്ട മികച്ച കാലാവസ്ഥയും സന്ദർശക തിരക്ക് വർധിക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു.
ഇൗ വർഷം ഖരീഫ് സീസണിൽ നല്ല തിരക്ക് അനുഭവപ്പെട്ടത് കർഷകർക്ക് അനുഗ്രഹമായതായി വടകര തിരുവള്ളൂർ സ്വദേശി ജിനീഷ് പറഞ്ഞു. തിരക്ക് അനുഭവപ്പെട്ടത് എല്ലാ േമഖലക്കും അനുഗ്രഹമായിരുന്നു. നല്ല വ്യാപാരം ലഭിച്ചത് കാരണം കർഷകർക്ക് ഭൂമി വാടകക്കും മറ്റുമായി കഴിഞ്ഞ വർഷമുണ്ടായ നഷ്ടവും കടവും വീട്ടാൻ കഴിഞ്ഞു. എന്നാൽ, കാർഷിക മേഖലയിലടക്കം എല്ലാ മേഖലയിലും അനുഭവപ്പെട്ട തൊഴിലാളി ക്ഷാമം ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. യാത്രാ വിലക്ക് കാരണം നിരവധി പേർ നാട്ടിൽ കുടുങ്ങി പോയത് കാർഷിക മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. തെങ്ങിൽ കയറുന്നവരും കരിക്ക് ഇടുന്നവരുമായി തൊഴിലാളികൾ തീെര കുറവായിരുന്നു. അതു വ്യാപാരത്തെയും ചെറിയ രീതിയിൽ ബാധിച്ചിരുന്നു. എങ്കിലും ഇൗ വർഷം അപ്രതീക്ഷിതമായി ലഭിച്ച സന്ദർശക തിരക്കും വ്യാപാരവും ഇൗ മേഖലയിലെ എല്ലാവർക്കും അനുഗ്രഹമായി. സീസൺ കഴിഞ്ഞതോടെ കാലാവസ്ഥ മാറിയതായും തിരക്കുകൾ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.