ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം നിലവിൽവരും
text_fieldsമസ്കത്ത്: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി ആറ് രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക. സന്ദർശകർക്ക് യാത്ര സൗകര്യപ്രദവും താങ്ങാനാവുന്നതുമായിരിക്കും ഇതെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടന ദിനത്തിൽ സംസാരിച്ച യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കും. ഹോട്ടൽ അതിഥികളുടെ എണ്ണം വർധിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യുമെന്ന് അൽ മർറി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരികയെന്നും അധികൃതർ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തര മന്ത്രിമാർ കഴിഞ്ഞ നവംബറിലാണ് അംഗീകാരം നൽകിയത്. മസ്കത്തിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ചെങ്കൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്.
വിസ നടപ്പാക്കുന്നതിന് മുമ്പ് ചില നടപടി ക്രമങ്ങൾ പൂർത്തിയക്കേണ്ടതുണ്ട്. ഇതുസംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യക്തത വരികയുള്ളു. ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നേക്കാൾ 98.8 ശതമാനം വർധന കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
2023 -30 കാലത്തെ ഗൾഫ് ടൂറിസം നയം അനുസരിച്ച് 2030 വരെ ഓരോ വർഷവും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധന ആവശ്യമാണ്. വിനോദ സഞ്ചാരികൾ ചെലവഴിക്കുന്നത് എട്ട് ശതമാനമായും ജി.സി.സി പൗരന്മാരും താമസക്കാരും ചെലവഴിക്കുന്നത് 2.4 ശതമാനമായും ഉയരണം.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഹകരണവും വിനോദ സഞ്ചാര വികസന പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും, ഇതിനാൽ പൊതു പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കണമെന്നും നേരത്തെ നടന്ന വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.