കേന്ദ്ര ബജറ്റ് തികച്ചും നിരാശജനകം-സലാല കെ.എം.സി.സി
text_fieldsസലാല: കേന്ദ്രസർക്കാറിന്റെ 2024 ബജറ്റ് തികച്ചും നിരാശജനകമാണെന്ന് സലാല കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. മൂന്നാം മോദി സർക്കാർ നിലനിർത്തുന്നതിനുവേണ്ടി ആന്ധ്രപ്രദേശിനും ബിഹാറിനും മാത്രം മുൻതൂക്കം നൽകിയാണ് ബജറ്റ് അവതരണം നടത്തിയത്.
കേരളത്തിന്റെ പേരുപോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല എന്നത് സംസ്ഥാനങ്ങളെ രണ്ട് തട്ടായി കാണാനെ സാധിക്കൂ എന്ന് പറയാതിരിക്കാൻ വയ്യ. കേരളത്തിന്റെ ഒരുപാട് കാലത്തെ സ്വപ്നമായ എയിംസ് എന്നത് ഈ ബജറ്റിലും നിരാകരിച്ചത് വിദ്യാർഥികളോടും കേരള സമൂഹത്തോടുമുള്ള വെല്ലുവിളിയായാണ് കാണേണ്ടത്. കേരളത്തിൽനിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുപോലും ഒരു പരിഗണനയും കേരളത്തിന് ലഭിക്കാതെ പോയത് തികച്ചും നിരാശ നൽകുന്നതും ആഴത്തിൽ ചിന്തിക്കേണ്ടതുമാണ്.
ഇന്ത്യയുടെ വിശിഷ്യ കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നുകൊണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് എന്നത് ഇതിനകം തന്നെ സാമ്പത്തിക വിദഗ്ധർ എല്ലാവരും പങ്കുവെച്ചു കഴിഞ്ഞു. എൻ.ഡി.എ സർക്കാറിനെ മുന്നോട്ട് തള്ളിനീക്കുന്നതിന് മാത്രമായി മാറി എന്നതാണ് സത്യം.
ഇതിനെതിരെ ശക്തമായി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകണമെന്ന് സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.