കേന്ദ്ര ബജറ്റ്: പ്രവാസികൾക്ക് കഞ്ഞി കുമ്പിളിൽതന്നെ
text_fieldsമസ്കത്ത്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റും. മുൻ ബജറ്റുകളിലും തികഞ്ഞ അവഗണന നേരിട്ട പ്രവാസികൾ വലിയ പ്രതീക്ഷ പുലർത്തിയിരുന്നില്ലെങ്കിലും മെച്ചപ്പെട്ട പാക്കേജുകൾ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ഈ ബജറ്റിലും ഉണ്ടായില്ല. തങ്ങളെ പൂർണമായും അവഗണിച്ച ബജറ്റിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പല പ്രവാസി സംഘടനകളും ഈ കാര്യം ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, യാത്രാക്ലേശം പരിഹരിക്കൽ, വിമാന കമ്പനികളുടെ ചൂഷണം തടയൽ എന്നിവയെല്ലാം വർഷങ്ങളായി പ്രവാസി സംഘടനകളുടെ ആവശ്യങ്ങളാണ്. എന്നാൽ, ഇവയോട് പൂർണമായും മുഖം തിരിച്ച കേന്ദ്രസർക്കാർ ഇവയുമായി ബന്ധപ്പെട്ട ഒരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വർഷം പത്ത് ലക്ഷം കോടി രൂപയോളമാണ് പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, ഇത്രയും വിദേശനാണ്യം രാജ്യത്തെത്തിക്കുന്ന പ്രവാസികളുടെ ക്ഷേമം കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല.
നാല് കോടിയോളം വരുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ഒരു നിർദേശവും ബജറ്റിലില്ല. സ്വദേശിവത്കരണം ഗൾഫ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിവരം പ്രവാസി സംഘടനകൾ പലവട്ടം കേന്ദ്ര സർക്കാറിനെ ബോധിപ്പിച്ചിരുന്നെങ്കിലും ധനമന്ത്രി വിഷയം പരാമർശിക്കുക പോലും ചെയ്തില്ലെന്നത് നിരാശജനകമാണെന്ന് പ്രവാസി സംഘടനകൾ ആരോപിച്ചു.
വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കുക, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാനുള്ള ധനസഹായം, സൗജന്യ ചികിത്സ പദ്ധതി, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യം തുടങ്ങി പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നും പുതിയ പദ്ധതികളോ ധനസഹായ വർധനയോ പ്രഖ്യാപിക്കാതെയാണ് ബജറ്റ് ധനമന്ത്രി പൂർത്തിയാക്കിയത്.
നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ ലോകത്ത് വലിയ ജോലി സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം കോഴ്സുകളിൽ ശ്രദ്ധയൂന്നുന്ന പദ്ധതികളെക്കുറിച്ചും ഇത്തവണയും ബജറ്റിൽ പരാമർശമില്ല. തൊഴിൽ തട്ടിപ്പിന് ഇരയായി ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത്.
ഇവരെ സംരക്ഷിക്കാനും പുനരധിവാസത്തിനും പ്രത്യേക പദ്ധതികൾ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചതാണ് ഈ മേഖലയിലെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്. എന്നാൽ, അത് സാധാരണക്കാരായ പ്രവാസികൾക്ക് എത്രമാത്രം സഹായകരമാവുമെന്ന് വ്യക്തമല്ല.
കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ പ്രവാസികളുടെ മരണ നിരക്ക് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും ഇതേ കുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫണ്ട് നീക്കിയിരിപ്പില്ലാത്തതിനാൽ പദ്ധതി അവതാളത്തിലാണ്.
ബജറ്റ് പ്രവാസികൾക്ക് നിരാശ നൽകുന്നതാണെന്ന് പ്രവാസിയും സാമ്പത്തിക വിദഗ്ധനുമായ ആർ. മധുസൂദനൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 125 ബില്യൺ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്.
ഇങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾക്കായി പ്രത്യേക ക്ഷേമ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് നിരാശ നൽകുന്നതാണ്.
അതേസമയം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശകമ്പനികളുടെ കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്ന് 35 ശതമാനമായി കുറച്ചതും സ്റ്റാർട്ടപ്പുകൾക്കും എന്റർപ്രണർഷിപ്പുകൾക്കുമുള്ള എയ്ഞ്ചൽ ടാക്സ് ഒഴിവാക്കിയതും ഏറെ ഗുണം ചെയ്യും. ഇത് ഇന്ത്യയിലേക്ക് നിരവധി വിദേശ കമ്പനികളെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ പ്രവാസികളെ നിരുപാധികം തഴഞ്ഞുവെന്ന് സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. കാലാകാലങ്ങളായി പ്രവാസികൾ അനുഭവിച്ചുവരുന്ന യാത്രാ ക്ലേശത്തിന് ഈ ബജറ്റിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് ആഗ്രഹിച്ചുപോയി. പ്രവാസികൾ എന്ന ഒരു വാക്കുപോലും ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല എന്നുള്ളത് അത്യന്തം പ്രതിഷേധാർഹമാണ്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര ആവിഷ്കൃത പദ്ധതികൾ ഈ ബജറ്റിലെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതും നൽകിയത് നിരാശ മാത്രം. എല്ലാ രീതിയിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകവും പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതും ആയ ഒരു ബജറ്റ് ആണിതെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് തീർത്തും നിരാശജനകം -കൈരളി ഒമാൻ
മസ്കത്ത്: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശജനകവും ഏകപക്ഷീയവുമാണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ പാടേ അവഗണിച്ച ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. കേരളത്തോട് കേന്ദ്രസർക്കാർ കാണിച്ചത് മാപ്പർഹിക്കാത്ത വിവേചനമാണ്.
എന്നാൽ, ഭരണം നിലനിർത്തുന്നതിന് വേണ്ടി ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുക്കുകയും ചെയ്തു. പ്രകൃതിദുരന്തം അനുഭവിക്കുന്ന പ്രത്യേക സംസ്ഥാനങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പരിഗണന നൽകിയില്ല .
വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന പദ്ധതികളോടെല്ലാം അവഗണനയാണ്. ഇത്തവണയും അതിന് മാറ്റം ഉണ്ടായില്ല. സംസ്ഥാനങ്ങളെയെല്ലാം ഒരുപോലെ പരിഗണിക്കണമെന്ന ഫെഡറൽ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബജറ്റിനെ കേന്ദ്രസർക്കാർ പണയം വെക്കുകയാണ് ചെയ്തതെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.