ദേശീയ വനിതദിനം; സ്ത്രീകൾക്ക് അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ
text_fieldsമസ്കത്ത്: ദേശീയ വനിതദിനത്തിൽ സുൽത്താനേറ്റിലെ സ്ത്രീകൾക്ക് അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ. ഒക്ടോബർ 17നാണ് രാജ്യത്ത് വനിതദിനം ആചരിക്കുന്നത്.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലും വിവിധ മേഖലകളിൽ അവരുടെ സ്ഥാനം ഉയർത്തുന്നതിലും സുൽത്താനേറ്റ് കൈവരിച്ച പുരോഗതിയെ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലും യു.എൻ വിമൻ എക്സിക്യൂട്ടിവ് ഡയറക്ടറുമായ സിമ ബഹൂസ് പ്രസംഗത്തിൽ പ്രശംസിച്ചു.
രാജ്യത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള ഒമാനി സ്ത്രീകളുടെ പ്രയത്നങ്ങളെ ആഘോഷിക്കുന്നതിനും അവരെ പിന്തുണക്കുന്നതിനും മറ്റുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഒമാനി വനിതദിനം ആചരിക്കുന്നതെന്ന് അവർ പറഞ്ഞു. രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിൽ സ്ത്രീകളുടെ ശാക്തീകരണവും പുരോഗതിയും അനിവാര്യമായ ഘടകമാണെന്ന് ഒമാൻ ആദ്യകാലഘട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു.
സമഗ്രവികസനത്തിനായുള്ള ദേശീയ തന്ത്രത്തിന്റെ മുൻഗണനകളിൽ സ്ത്രീകളാണ് മുൻനിരയിലുള്ളത്. 2019ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രവേശനം 73 ശതമാനമായി വർധിച്ചതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു, അതേ വർഷം തന്നെ സ്കോളർഷിപ് നേടിയ വിദ്യാർഥികളുടെ പട്ടികയിൽ 40 ശതമാനം പെൺകുട്ടികളായിരുന്നു. ഇത് അറബ് മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രോത്സാഹനവും പ്രചോദനവും നൽകുന്നതാണെന്ന് വിഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗത്തിൽ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറൽ പറഞ്ഞു.
ഒമാനി വനിതകൾ വിവിധ സർക്കാർ ഏജൻസികളിൽ വിശിഷ്ടമായ നേതൃസ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
2019ൽ സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന ഒമാനി സ്ത്രീകളുടെ ശതമാനം മൊത്തം ജീവനക്കാരുടെ 40 ശതമാനത്തിലേറെയായിരുന്നു. കൂടാതെ സ്വകാര്യ മേഖലയിലും ബിസിനസ് മേഖലകളിലും 88 ശതമാനം സാന്നിധ്യം സ്ത്രീകൾ നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.