ഗസ്സയിൽ വെടിനിർത്താൻ അടിയന്തര ഇടപെടൽ: യു.എൻ സെക്രട്ടറി ജനറലിന്റെ നടപടിയെ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ നടപടിയെ സ്വഗതം ചെയ്ത് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ്ദ് ബദർ ഹമദ് അൽബുസൈദി. ഗസ്സയിലെ സ്ഥിതിഗതികൾ പ്രതിഫലിപ്പിക്കുന്ന നടപടിയാണിതെന്നും സുരക്ഷാ കൗൺസിൽ അടിയന്തരമായും സമഗ്രമായും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും സയ്യദ് ബദർ എക്സിൽ (ട്വിറ്റർ) കുറിച്ചു. വെടിനിർത്തൽ പ്രമേയം ഇതുവരെ യു.എൻ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറൽ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ചിരിക്കുന്നത്.
യുദ്ധം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സുരക്ഷ കൗൺസിലിനോട് ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99. വൻപ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. 15 അംഗ രക്ഷാ സമിതിയിൽ ചൈന, റഷ്യ, യു.എസ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം രണ്ട് മാസം പിന്നിടുമ്പോൾ ഗുട്ടെറസിന്റെ ഇടപെടൽ. മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകർച്ചയേയും അപകട സാധ്യതയേയും നമ്മൾ അഭിമുഖീകരിക്കുന്നുവെന്നും പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനിൽ ഉണ്ടാവുന്നതെന്നും രക്ഷാകൗൺസിൽ പ്രസിഡന്റിനയച്ച കത്തിൽ ഗുട്ടെറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.