യമനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ഒമാനിൽ
text_fieldsമസ്കത്ത്: യമനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി തിമോത്തി ലെൻഡർകിങ് മസ്കത്തിലെത്തി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ചർച്ച നടത്തി. യമനിലെ നിലവിലെ സാഹചര്യങ്ങളും ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. യമൻ അനുഭവിക്കുന്ന കടുത്ത മാനുഷിക പ്രതിസന്ധി കൂട്ടായി നേരിടുന്നതിനൊപ്പം പരസ്പരം പോരടിക്കുന്നവർക്കിടയിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്നും ഇരുവരും വിലയിരുത്തി.
നിർമാണാത്മകമായ ചർച്ചകളിലൂടെയും സമാധാനപൂർണമായ ഒത്തുതീർപ്പ് ശ്രമങ്ങളിലൂടെയും മാത്രമാണ് യമനിൽ രാഷ്ട്രീയ പരിഹാരം സാധ്യമാവുകയുള്ളൂവെന്ന് ചർച്ചയിൽ ഇരുവരും പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തി, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി.എം.ടിസ്യു, യമനിലെ അമേരിക്കൻ അംബാസഡർ ക്രിസ്റ്റഫർ ഹെൻസൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
സൗദി അറേബ്യയിൽനിന്നാണ് തിമോത്തി ലെൻഡർകിങ് മസ്കത്തിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ, യമൻ വിദേശകാര്യ മന്ത്രി അഹ്മദ് അവധ് വിൻ മുബാറക്ക് എന്നിവരുമായും തിമോത്തി ലെൻഡർകിങ് ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ബൈഡൻ ഭരണകൂടത്തിെൻറ ഉൗർജിത ശ്രമങ്ങളുടെ ഭാഗമായാണ് തിമോത്തി ലെൻഡർകിങിെൻറ ഗൾഫ് മേഖലയിലെ പര്യടനം.
യമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഒമാൻ സുപ്രധാന പങ്കാളിയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. യമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ദീർഘനാളായി ശ്രമം തുടരുന്ന രാജ്യമാണ് ഒമാൻ. ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഭാഗമായി പരസ്പരം പോരടിക്കുന്ന കക്ഷികൾ തമ്മിലെ നിരവധി ചർച്ചകൾക്ക് ഒമാൻ ആതിഥേയത്വം വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.