ബാർബിക്യൂവിനായി അനുവദിക്കപ്പെട്ട സ്ഥലം ഉപയോഗിക്കണം -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യരുതെന്നും അതിനായി നീക്കിവെച്ച സ്ഥലങ്ങൾ വിനിയോഗിക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി. പ്രകൃതിസൗന്ദര്യവും പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റും കണക്കിലെടുത്ത് ബീച്ചുകളും പാർക്കുകളും ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുത്. മാത്രവുമല്ല, പിന്നീട് ഇവിടേക്ക് വരുന്ന യാത്രക്കാർക്ക് ഇത് അസൗകര്യമുണ്ടാക്കുകയും ചെയ്യും. അതിനാൽ ആളുകൾ അധികം വരാത്ത ഒറ്റപ്പെട്ട സ്ഥലങ്ങൾ ബാർബിക്യൂവിനായി തിരഞ്ഞെടുക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. പെരുന്നാൾ അവധി പ്രമാണിച്ച് നിരവധി പേരാണ് വിവിധ പാർക്കുകളിലും ബീച്ചുകളിലും എത്തുന്നത്. ഇതിൽ കുറഞ്ഞ ശതമാനം ആളുകൾ സ്വന്തമായി പാചകം ചെയ്യാനും ബാർബിക്യൂവിനുമൊക്കെയായി ബീച്ചുകളും പാർക്കുകളും ഉപയോഗിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. രാജ്യത്തെ ബീച്ചുകൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്നും തെറ്റ് ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിൽ ബാർബിക്യൂയിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണ്. ക്യാമ്പിങ്ങും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇത്തരം കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊതു പാർക്കുകളിലും ബീച്ചുകളിലും എത്തുന്ന സന്ദർശകർക്കും സമീപമുള്ള താമസക്കാർക്കും ശല്യമില്ലെന്ന് ഉറപ്പാക്കാനുംകൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നത്. കേസുകളുടെ എണ്ണം വർധിക്കുകയും പുകയും ദുർഗന്ധം വമിക്കുന്നതിനാൽ ബീച്ചിൽ പോകുന്നവരും സമീപത്തെ താമസക്കാരും പരാതി നൽകുകയും ചെയ്തതോടെയാണ് പിഴ 20ൽനിന്ന്100 ആയി ഉയർത്തിയത്. അവധി ദിനങ്ങളിൽ ബീച്ചുകളിലും പാർക്കുകളിലും എത്തുന്നവർ അതിന്‍റെ സൗന്ദര്യവും ശുചിത്വവും സംരക്ഷിക്കാൻ തയാറാകണമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.