യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് യൂസ്ഡ് കാറുകളുടെ വില റോക്കറ്റുപോലെ മുകളിലേക്ക് കുതിച്ചുയരുന്നു. കുറഞ്ഞ നിരക്കിൽ കാറുകൾ ലഭിച്ചിരുന്ന വിപണിയിൽ നിലവിൽ ഉയർന്ന വില നൽകിയാണ് പലരും വാഹനങ്ങൾ സ്വന്തമാക്കുന്നത്. സെമികണ്ടക്ടര് ചിപ്പുകളുടെ ലഭ്യതക്കുറവ്, കോവിഡ് മഹാമാരി, വാറ്റ് തുടങ്ങിയ ഘടകങ്ങളാണ് വില കുതിച്ചുയരാൻ ഇടയാക്കുന്നതെന്ന് കാർവിൽപനക്കാരും മറ്റും പറയുന്നു. ലോകതലത്തിൽതന്നെ സെമികണ്ടക്ർ ചിപ്പുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കോവിഡിനെ തുടർന്ന് ചൈനയിൽ ഉൽപാദനം നിലച്ചതാണ് സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തിനിടയാക്കിയത്. ആഗോളതലത്തിൽ സെമികണ്ടക്ടർ ചിപ്പുകൾ സംഭാവന ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന.
ആധുനിക വാഹനങ്ങളിലെ തലച്ചോറ് എന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളിലൊന്നാണ് സെമി കണ്ടക്ടർ ചിപ്പ്. നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസഞ്ചർ വാഹനം ആയിരത്തോളം സെമി കണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. ആധുനിക ഇൻഫോടെയ്ൻമെൻറ് സിസ്റ്റങ്ങൾ, ഡ്രൈവർ എയ്ഡുകൾ, ഒന്നിലധികം ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയിലെല്ലാം നിർണായക ഘടകമാണ് സെമികണ്ടക്ടറുകൾ.
പ്രാദേശിക വിപണിയിൽ പുതിയ കാറുകൾക്കായി ഉപഭോക്താക്കൾ എത്തുന്നുണ്ട്. എന്നാൽ, പലയിടത്തും കാറുകൾ ലഭ്യമല്ല. മറുവശത്ത് സാമ്പത്തികമാന്ദ്യവും പുതിയ കാറുകൾ എടുക്കുന്നതിൽനിന്ന് ഉപഭോക്താക്കളെ പിന്നോട്ടടിക്കുന്നു. ഇതിനാൽ ഇത്തരക്കാർ സെക്കൻഡ് ഹാൻഡ് കാറുകളെ ആശ്രയിക്കേണ്ടിവരുകയാണ്. ഇതാണ് യൂസ്ഡ് കാറുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതെന്ന് വാഹനമേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോളതലത്തിൽ കാറുകളുടെ വിതരണത്തെ ബാധിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. ലിഥിയം-ഇരുമ്പ് ബാറ്ററികളിൽ ഉപയോഗിക്കുന്ന നിക്കൽ, കാറ്റലറ്റിക് കൺവെർട്ടറുകളിൽ ഉപയോഗിക്കുന്ന പലേഡിയം തുടങ്ങിയ കാർ നിർമാണത്തിന്റെ ഘടകങ്ങളിൽ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോഹ വിതരണക്കാരിൽ ഒന്നാണ് റഷ്യ. ആദ്യകാലങ്ങളിൽ ഒമാൻ നിരത്തുകളിൽ ചൈനീസ് കാറുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ, പുതിയ കാറുകൾ ലഭ്യമല്ലാതായതോടെ ഇത്തരത്തിലുള്ള എല്ലാവിധ വാഹനങ്ങളിലേക്കും ഉപഭോക്താക്കൾ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.