ഉപയോഗിച്ച വാഹനങ്ങൾ കിട്ടാനില്ല; റെന്റ് എ കാറിന് ആവശ്യക്കാർ കൂടി
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധിക്കുശേഷം ഒമാനിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ കിട്ടാനില്ല. ഇതോടെ റെൻറ് എ കാറുകൾക്കും ആവശ്യക്കാരേറി. സ്പെയർ പാർട്സുകളുടെ ദൗർലഭ്യത അടക്കം നിരവധി കാരണങ്ങളാൽ അന്താരാഷ്ട്ര തലത്തിൽ ഉൽപാദനം കുറഞ്ഞതാണ് വാഹനങ്ങളുടെ ദൗർലഭ്യതക്ക് പ്രധാന കാരണം. വാഹനങ്ങളുടെ നിരവധി സ്പെയർപാർട്സുകൾ ചൈനയിലാണ് ഉൽപാദിപ്പിക്കുന്നത്. ചൈനയിൽ ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം കുറഞ്ഞത് വാഹന നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ഇരുമ്പ് ഉൽപാദനം കുറഞ്ഞതും കോവിഡിനെത്തുടർന്ന് ഇരുമ്പ് അയിര് ഖനനത്തെ പ്രതികൂലമായി ബാധിച്ചതും വാഹന ഉൽപാദനം അടക്കം എല്ലാ മേഖലക്കും തിരിച്ചടിയായിരുന്നു.
ഇതുകാരണം ഒമാനിലും വാഹനങ്ങൾ എത്തുന്നത് കുറഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് പഴയ വാഹനങ്ങൾക്ക് തീരെ ആവശ്യക്കാരില്ലായിരുന്നു. കോവിഡ് മൂർധന്യ ദശയിലെത്തിയപ്പോൾ പലരും കിട്ടിയ വിലക്ക് വാഹനങ്ങൾ വിറ്റാണ് നാടണഞ്ഞത്. വിൽക്കാൻ കഴിയാത്തതിനാൽ വാഹനം ഉപേക്ഷിച്ച് പോയവരും നിരവധിയാണ്. കോവിഡ് കാലത്ത് നാട്ടിൽ പോയവരിൽ പലരും തിരിച്ചുവന്നിട്ടില്ല. വന്നവരിൽ പലരുടെയും വാഹനങ്ങൾ കേടുവരുകയും ചെയ്തു. എന്നാൽ, കോവിഡ് പ്രതിസന്ധി അവസാനിച്ച് കമ്പനികളും സ്ഥാപനങ്ങളും സാധാരണ ഗതിയിലെത്തിയതോടെ പലർക്കും വാഹനങ്ങൾ ആവശ്യമായി വന്നു.
പലരും ചെറിയ വരുമാനക്കാരായതിനാൽ ഉപയോഗിച്ച വാഹനങ്ങൾ ആയിരുന്നു തേടിയിരുന്നത്. ഇതോടെ ഉപയോഗിച്ച വാഹനങ്ങൾക്ക് ഡിമാൻറ് വർധിക്കാൻ തുടങ്ങി. വാഹനങ്ങൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടതോടെ കമ്പനികൾ പലതും റെൻറ് എ കാർ കമ്പനികളിൽനിന്ന് വാടകക്കെടുക്കാൻ തുടങ്ങി. ഇതോടെ റെൻറ് എ കാർ കമ്പനികളിലും വാഹന ക്ഷാമം അനുഭവപ്പെട്ടു. ഇത് മുതലെടുത്താന് പല കമ്പനികളും വാടക കുത്തനെ ഉയർത്തിയത്. ചെറിയ വാഹനങ്ങൾക്ക് 100 റിയാൽ മാസ വാടകയായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇപ്പോൾ ഇത് 150 മുതൽ 160 റിയാൽ വരെ ഉയർത്തിയിട്ടുണ്ട്. കൂടുതൽ വാടക കൊടുത്താലും നല്ല വാഹനങ്ങൾ വാടകക്ക് കിട്ടാത്ത അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.