ഡ്രൈവിങ്ങിനിടെ നാവിഗേഷനുപോലും ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനം -ആർ.ഒ.പി
text_fieldsമസ്കത്ത്: വാഹനമോടിക്കുമ്പോൾ ഏതെങ്കിലും സ്ഥലത്തിന്റെ ലൊക്കേഷനോ വിലാസമോ കണ്ടെത്താൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആർ.ഒ.പി വക്താവ് ഇക്കാര്യം പറഞ്ഞത്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണും ജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കാനുള്ള ഏതൊരു ശ്രമവും ലംഘനമാണ്. വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും ശ്രദ്ധ തിരിക്കരുത് എന്നതാണ് പൊതുവായ ഉപദേശമെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമാണ്.
ജി.പി.എസ് നാവിഗേഷൻ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയിലുള്ള വിദഗ്ധർ പറയുന്നത്. ടെക്സ്റ്റ് സന്ദേശം ചെയ്യാതിതിരിക്കുക, ഓൺലൈൻ ബ്രൗസിങ് ഒഴിവാക്കുക, വിഡിയോ കാണാതിരിക്കുക, കോളുകൾക്ക് മറുപടി നൽകാതിരിക്കുക, ഫോട്ടോകളും വിഡിയോകളും എടുക്കുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷിതമായി ഡ്രൈവിങ്ങിന് അത്യാവശ്യമാണെന്നും വിദഗ്ധർ പറഞ്ഞു.
ഒമാനിലെ ട്രാഫിക് നിയമമനുസരിച്ച്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 15 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയന്റും ലഭിക്കും.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിലുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അടുത്തിടെ അറിയിച്ചിരുന്നു. ഈ റഡാറുകൾക്ക് മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, റോഡ് സിഗ്നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ കണ്ടെത്താനാകും.
സമാന രീതിയിലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുത്തൻ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് പ്രധാനമായും അപകടങ്ങൾ നടക്കുന്നത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിലൂടെയും മറ്റുമാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ രാജ്യത്ത് 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.