വിദേശികൾക്കിടയിൽ വാക്സിനേഷൻ വർധിപ്പിക്കും -ഡോ. അൽ സഈദി
text_fieldsമൂന്നാമത്തെ ഡോസിന് മാർഗനിർദേശമില്ല
മസ്കത്ത്: വിദേശികൾക്കിടയിലെ വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി. ഇതിനായി അഞ്ചു ലക്ഷം ഡോസ് സിനോവാക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. വാക്സിനേഷന് കമ്പനികളും സ്പോൺസർമാരും താൽപര്യമെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ ഉപയോഗപ്പെടുത്തുകയെന്നും സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ഡോ. അൽ സഈദി പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ബാർബർമാർ, ബ്യൂട്ടിസലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി കുറഞ്ഞ വരുമാനക്കാർക്കാണ് ഇവിടെ വാക്സിൻ നൽകിയത്. ആസ്ട്രാസെനഗ വാക്സിനാണ് ഈ ക്യാമ്പുകളിൽ നൽകിയത്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടുവരുന്നതായും മന്ത്രി പറഞ്ഞു. 85 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് ഒമാൻ മൊത്തം ബുക്ക് ചെയ്തിട്ടുള്ളത്. ഇതിൽ 39.50 ലക്ഷം ഡോസ് ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇതിൽ 36.67 ലക്ഷം ഡോസ് വാക്സിൻ മുൻഗണനാപട്ടികയിലുള്ളവർക്ക് നൽകിക്കഴിഞ്ഞു.
മുൻഗണനാ പട്ടികയിലുള്ള 85 ശതമാനം സ്വദേശികളും ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ പകുതിയോടെ സ്വദേശികൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിൻ നൽകാൻ ആലോചനയുള്ളതിനാൽ അധിക ഡോസുകൾ ബുക്ക് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
വാക്സിനുകൾ രോഗബാധയിൽനിന്നോ രോഗപ്പകർച്ചയിൽനിന്നോ സമ്പൂർണ സംരക്ഷണം നൽകില്ല. രോഗബാധ രൂക്ഷമാകുന്നതിൽനിന്ന് 85 മുതൽ 95വരെ വാക്സിനേഷൻ സംരക്ഷണം നൽകും. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയാൻ വാക്സിനേഷൻ സഹായിച്ചിട്ടുണ്ട്. വാക്സിെൻറ മൂന്നാമത്തെ ഡോസ് നൽകാൻ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമില്ലെന്നും ഡോ. അൽ സഈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.