വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം; സ്റ്റുഡിയോകളിൽ തിരക്കേറി
text_fieldsറഫീഖ് പറമ്പത്ത്
സുഹാർ: സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിൽ സർക്കാർ സ്ഥാപനങ്ങളിലും മാളുകളടക്കം പൊതുസ്ഥലങ്ങളിലും പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള സർക്കാർ തീരുമാനം സ്റ്റുഡിയോകൾക്ക് തുണയായി. സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് രൂപത്തിലാക്കി വാങ്ങാൻ സ്റ്റുഡിയോകളിൽ ധാരാളം പേർ എത്തുന്നുണ്ട്. 500 ബൈസ നൽകിയാൽ ക്യൂ.ആർ കോഡ് അടക്കം വാക്സിൻ സർട്ടിഫിക്കറ്റ് പേഴ്സിൽ വെക്കാവുന്ന കാർഡ് പോലെയാക്കി നൽകും. ഇന്ത്യക്കാരും ബംഗ്ലാദേശികളുമൊക്കെയാണ് കാർഡിനായി കൂടുതലായി എത്തുന്നത്.
പ്രതിസന്ധികാലത്ത് ഇത് ചെറിയ ആശ്വാസമായതായി സ്റ്റുഡിയോ നടത്തിപ്പുകാർ പറയുന്നു. കോവിഡ് വ്യാപനത്തിെൻറ അടച്ചിടലിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ചവരാണ് ഫോട്ടോഗ്രാഫർമാരും സ്റ്റുഡിയോ ഉടമകളും. പൊതുചടങ്ങുകളും മറ്റും നിർത്തലാക്കിയപ്പോൾ ഈ രംഗത്തുള്ളവർക്ക് കഷ്ടകാലം തുടങ്ങി. സ്കൂൾ അടച്ചതുകാരണം തന്നെ സീസണിലുള്ള ഒരുനല്ല വരുമാനവും ഇല്ലാതായി. ഒരു സ്റ്റുഡിയോ നിലനിൽക്കുന്നത് ഫോട്ടോയെടുപ്പിന് ഒപ്പം ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ തുടങ്ങി അനുബന്ധ സേവനങ്ങൾ കൊണ്ടുമാണ്. തിരിച്ചറിയൽ കാർഡ് പുതുക്കാൻ ഇപ്പോൾ ഫോട്ടോയുടെ ആവശ്യമില്ല. പഴയ ഫോട്ടോതന്നെ പുതുക്കി കാർഡ് നൽകുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് സർക്കാർ സ്ഥാപനങ്ങളുടെ സമയത്തിലും പ്രവർത്തനരീതിയിലുമെല്ലാം മാറ്റങ്ങൾ വന്നതോടെ ഫോട്ടോസ്റ്റാറ്റും ആവശ്യമില്ലാതായത് പ്രതിസന്ധിയാണെന്ന് സ്റ്റുഡിയോ ജീവനക്കാരനും ഫോട്ടോഗ്രാഫറുമായ പ്രണവ് കാക്കന്നൂർ പറയുന്നു.
സ്വദേശി കല്യാണം കൂടി നിയന്ത്രണങ്ങളിൽ പെട്ടപ്പോൾ ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരുടെനില പരുങ്ങലിൽ ആയതായി ഫ്രീലാൻസ് ഫോട്ടോഗ്രാഫർ റിയാസ് വലിയകത്തും പറയുന്നു. ഫിലിം, സീരിയൽ, ഷോർട്ട് ഫിലിം മേക്കിങ്, പരസ്യം, സേവ് ദി ഡേറ്റ്, കല്യാണഫോട്ടോ എന്നിങ്ങനെ നല്ല സ്ഥിതിയിൽ വരുമ്പോഴാണ് കോവിഡിെൻറ വരവെന്നും റിയാസ് പറയുന്നു. വിലകൂടിയ കാമറയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയുന്നകാലം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഇപ്പോൾ നാട്ടിലുള്ള വിഡിയോ എഡിറ്റർ റോബിൻ മേട്ടയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.