മസ്കത്തിൽ വിവിധ വികസന പദ്ധതികൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: 14 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സംയോജിത സ്മാർട്ട് സിറ്റിയായ സുൽത്താൻ ഹൈതം സിറ്റി ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ മസ്കത്ത് ഗവർണറേറ്റിൽ പുരോഗമിക്കുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കാഴ്ചപ്പാടിനനുസൃതമായി യുവാക്കളെ ശാക്തീകരിക്കുന്നതിലും വികസനത്തിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും ഗവർണറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു.
ബൗഷർ സാൻഡ്സ് ഏരിയ
ഫോർ വീൽ ഡ്രൈവിനായി 362,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഘട്ടം ഘട്ടമായി ഒരുക്കുന്ന, ബൗഷർ സാൻഡ്സ് ഏരിയയുടെ വികസന പദ്ധതിക്കായി വിശദമായ പ്ലാൻ നടപ്പിലാക്കുന്നതിന് ടെൻഡർ നൽകി. ബൈക്കുകൾ വാടകക്കെടുക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രത്യേക കെട്ടിടം, വിവിധ വിനോദ, കുടുംബ മേഖലകൾ, ബഹുനില പാർക്കിങ് എന്നിവ ഇവിടെയുണ്ടാകും. ഐൻ ഗാല വികസന പദ്ധതിക്കും ഖുറം വികസന പദ്ധതിക്കും (ബീച്ചും റിസർവ്) വേണ്ടിയുള്ള വിശദമായ പ്ലാനിന്റ് പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
ഖുറിയാത്ത് വാട്ടർഫ്രണ്ട്
നടപ്പാത, സൈക്കിൾ പാതകൾ, സന്ദർശകർക്കുള്ള സൗകര്യങ്ങൾ, ഹരിത ഇടങ്ങൾ എന്നിവ ഉൾപ്പെടുന്ന ഖുറിയാത്ത് വാട്ടർ ഫ്രണ്ട് വികസന പദ്ധതിയുടെ പ്രാരംഭ രൂപകൽപന പൂർത്തിയായി. റസ്റ്റററന്റുകൾ, കഫേകൾ, ഇരിപ്പിടങ്ങൾ എന്നിവക്കായി ഒരു ഏരിയയും അനുവദിച്ചിട്ടുണ്ട്. വിശദമായ ഡിസൈനുകൾ തയാറാക്കുന്ന ജോലികൾ നടന്നുവരികയാണ്.
ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ടിന്റെ വികസനം
ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ടിന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിനായി സെപ്റ്റംബറിൽ ഗവർണറേറ്റ് കൺസൾട്ടിങ് സേവനങ്ങൾ ഏൽപിച്ചു. പദ്ധതിക്കായി പഠനങ്ങളും രൂപരേഖകളും തയാറാക്കി. അമീറാത്ത് വിലായത്തിലെ അൽ മഹ്ജ് വാണിജ്യ ഡിസ്ട്രിക്സിന്റെ വികസനത്തിന് കൺസൾട്ടിങ് സേവനങ്ങൾ നൽകി. റൂവി കൊമേഴ്സ്യൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നതിന് പഠനങ്ങൾ തയാറാക്കുകയും ടെൻഡർ നൽകുകയും ചെയ്തു.
മസ്കത്ത് എക്സ്പ്രസ് വേ
ഗവർണറേറ്റിന്റെ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് മസ്കത്ത് എക്സ്പ്രസ് വേ വികസനം. ഇതിനുള്ള ടെൻഡർ നൽകിയിട്ടുണ്ട്. ഗതാഗതം സുഗമാക്കുന്നതിനായി പാലങ്ങളും ഇന്റർ സെക്ഷനുകളും മെച്ചപ്പെടുത്തുന്നതിനുപുറമെ, ഓരോ ദിശയിലും ആറ് വരികൾ ഉൾപ്പെടുത്തിയായിരിക്കും വികസന പ്രവർത്തനങ്ങൾ നടത്തുക. അൽ ഖുവൈറിലെ സർവിസ് റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി വൺവേ റോഡാക്കി മാറ്റാനുള്ള പദ്ധതിയും 15 കിലോമീറ്റർ വരെ നീളമുള്ള അൽ അൻസബ്-അൽ ജിഫ്നൈൻ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വികസന പദ്ധതികളാണ്. ഇതിൽ മൂന്ന് വരികളുള്ള റോഡ് നിർമാണം ഉൾപ്പെടുന്നു.
നവംബർ 18 സ്ട്രീറ്റ്
അൽ മൗജ് പദ്ധതിക്കായി നവംബർ 18 സ്ട്രീറ്റിൽ ഇന്റർസെക്ഷനുകൾ നിർമിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ടെൻഡർ നൽകിയിട്ടുണ്ട്. അസൈബയിലെ അൽ അൻവർ സ്ട്രീറ്റിന് സമീപമുള്ള ഉപരിതല ജല ഡ്രെയിനേജ് ചാനൽ പദ്ധതി, സീബിലെ വിലായത്തിലെ അൽ ജിഫ്നൈൻ പ്രദേശത്ത് വാട്ടർ ഡ്രെയിനേജ് ചാനൽ നിർമിക്കാനുള്ള പദ്ധതി, കൂടാതെ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ പദ്ധതികളും മുനിസിപ്പൽ മേഖല നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.