ഒമാനിൽ പഴം-പച്ചക്കറി ഉൽപാദനത്തിൽ വൻ കുതിപ്പ്
text_fieldsമസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം ആഭ്യന്തര കാർഷിക ഉൽപാദനരംഗത്ത് വൻ വളർച്ച. കാർഷികവിളകൾ, പച്ചക്കറി, പഴവർഗങ്ങൾ, സ്ഥിര വിളകൾ അടക്കമുള്ള വിഭാഗങ്ങളിലായി മൊത്തം മൂന്നു ദശലക്ഷം ടൺ സാധനങ്ങളാണ് ഉൽപാദിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന ഉൽപാദനം രാജ്യത്ത് ഉണ്ടാകുന്നത്. കാർഷികമേഖലയിലെ നിക്ഷേപത്തിനും മറ്റു പ്രവർത്തനങ്ങൾക്കും കൂടുതൽ പേർ താൽപര്യമെടുത്ത് മുന്നോട്ടുവന്നതാണ് ഉൽപാദനമേഖലയിലെ കുതിപ്പിന് കാരണം.
ഭക്ഷ്യസുരക്ഷക്ക് സർക്കാർ നൽകുന്ന പ്രത്യേക ഉൗന്നലും താൽപര്യവും, ഗ്രീൻഹൗസും ഹൈഡ്രോപോണിക്സുമടക്കം കാർഷിക മേഖലയിൽ നവീന കൃഷിരീതികൾ നടപ്പാക്കൽ, കാർഷികരംഗത്തെ സർക്കാർ, സ്വകാര്യ നിക്ഷേപത്തിെൻറ വർധന, പ്രാദേശിക ഉൽപന്നങ്ങൾക്കുള്ള വിപണി, സ്വദേശികൾക്കിടയിൽ വളരുന്ന കാർഷിക സംരംഭങ്ങൾക്ക് അനുകൂല മനോഭാവം തുടങ്ങിയവയാണ് ഇൗ മേഖലയുടെ വളർച്ചക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.
ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞവർഷം ആഭ്യന്തരമായി 3.018 ദശലക്ഷം ടൺ കാർഷിക വിഭവങ്ങളാണ് ഉൽപാദിപ്പിച്ചത്. 2018ൽ ഇത് 2.951 ദശലക്ഷമായിരുന്നു. 2015ൽ 2.361 ദശലക്ഷം ടണായിരുന്നു ഉൽപാദനം. ഒാരോ വർഷവും ഉൽപാദനത്തിൽ ക്രമമായ വർധന ദൃശ്യമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഒമാനിലെ കാർഷികഭൂമി വർഷംേതാറും വർധിക്കുന്നതും കാർഷിക മേഖലക്ക് അനുകൂലമാണ്. ഒമാൻ വിവിധ ഉൽപന്നങ്ങൾക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരുകയാണ്. എന്നാൽ, പച്ചക്കറി ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തത നേടുന്നതിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞവർഷം പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ വളർച്ചയാണുണ്ടായത്. 2018ൽ 8.17 ലക്ഷം ടണായിരുന്ന പച്ചക്കറി ഉൽപാദനം കഴിഞ്ഞവർഷം 8.25 ലക്ഷം ടണായി ഉയർന്നു. തക്കാളിയാണ് ഒമാനിലെ പ്രധാന കാർഷിക ഉൽപാദനം. മൊത്തം പച്ചക്കറിയുടെ നാലിൽ ഒന്നും തക്കാളിയാണ് ഉൽപാദിപ്പിച്ചത്. 2018ൽ 1.99 ലക്ഷം ടൺ ആയിരുന്ന തക്കാളി ഉൽപാദനം കഴിഞ്ഞവർഷം 2.01 ലക്ഷം ടണായി ഉയർന്നു. മറ്റു കാർഷികവിളകളിലും മികച്ച ഉൽപാദനമാണ് കഴിഞ്ഞവർഷമുണ്ടായത്.
73,983 ടൺ കുക്കുംബർ, 15,766 ടൺ ഉരുളക്കിഴങ്ങ്, 65,331 ടൺ കാപ്സിക്കം, 30,895 ടൺ വഴുതന, 9,163 ടൺ സവോള, 19,162 ടൺ കാബേജ്, 28,315 ടൺ േകാളിഫ്ലവർ, 16,843 ടൺ വെണ്ടക്ക, 3060 ടൺ റാഡിഷ്, 18,300 ടൺ കാരറ്റ്, 10,656 കുമ്പളങ്ങ, 56,616 ടൺ തണ്ണിമത്തൻ, 33813 ടൺ ഷമാം തുടങ്ങിയവയായിരുന്നു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഉൽപാദിപ്പിച്ച കാർഷിക വിഭവങ്ങൾ. ഇൗത്തപ്പഴ ഉൽപാദനവും വർഷംതോറും വർധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 3.76 ലക്ഷം ടൺ ഇൗത്തപ്പഴമാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്.
ഒമാെൻറ കാർഷിക ഉൽപാദനത്തിെൻറ സിംഹഭാഗവും ഇൗത്തപ്പഴമാണ്. കൂടാതെ 6709 ടൺ തേങ്ങ, 7189 ടൺ ചെറുനാരങ്ങ, 16,006 ടൺ മാങ്ങ, 18,447 ടൺ വാഴപ്പഴം, 5830 ടൺ പപ്പായ എന്നിവയും കഴിഞ്ഞവർഷം ഒമാനിൽ ഉൽപാദിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.