പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കുത്തനെ ഇടിവ്
text_fieldsമസ്കത്ത്: രാജ്യത്ത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ കുത്തനെ ഇടിഞ്ഞതായി കണക്കുകൾ. ജനുവരി-സെപ്റ്റംബർ അവസാനം വരെ 21.5 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. വാണിജ്യ വാഹനങ്ങളുെട വിഭാഗത്തിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്, 34.8 ശതമാനം. കഴിഞ്ഞ വർഷം സമാന കാലയളവിലെ 15,693 വാണിജ്യ വാഹനങ്ങളുടെ സ്ഥാനത്ത് ഇക്കുറി 10,234 എണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തത്. 45,498 പുതിയ സ്വകാര്യ വാഹനങ്ങളാണ് ആദ്യ ഒമ്പതു മാസത്തിൽ നിരത്തിലെത്തിയതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. കഴിഞ്ഞ തവണത്തെ 56,782 വാഹനങ്ങളുടെ സ്ഥാനത്താണിത്. ടാക്സികളുടെയും ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെയും രജിസ്ട്രേഷനും കാര്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം 158 ടാക്സികൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഇക്കുറി 114 എണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ എണ്ണം 27.8 ശതമാനവും കുറഞ്ഞു. അതേസമയം, റെൻറ് എ കാർ കമ്പനികൾക്ക് കീഴിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 2716 എന്നത് 3271 ആയാണ് വർധിച്ചത്.
വാഹനങ്ങളിൽ മുതൽമുടക്കുന്നതിനുള്ള ജനങ്ങളുടെ വിമുഖതയാണ് രജിസ്ട്രേഷനിലെ കുറവിൽ പ്രതിഫലിക്കുന്നതെന്ന് വാഹന മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. നേരത്തേ ഉത്സവ സമയങ്ങളിലും മറ്റും പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകൾ താൽപര്യമെടുത്തിരുന്നു. എന്നാൽ, ഇത്തരം പ്രവണതകൾ മാറുന്ന കാഴ്ചയാണ് കാണുന്നത്. എണ്ണ വരുമാനത്തിലെ ഇടിവിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കം കമ്പനികളെ ചെലവ് ചുരുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിനാൽ, പല കമ്പനികളും വാഹനങ്ങൾ വാങ്ങാതെ വാടകക്ക് എടുക്കുകയാണ് ചെയ്യുന്നത്. റെൻറൽ മേഖലയിലെ രജിസ്ട്രേഷനിലെ വർധന ഇതാണ് സൂചിപ്പിക്കുന്നത്. പുതിയ വാഹനങ്ങൾ മാറ്റിവാങ്ങാനും ആരും താൽപര്യമെടുക്കുന്നില്ല. 2014 വരെ ഇതായിരുന്നില്ല സ്ഥിതി. കാർ ലോണിനായുള്ള അപേക്ഷകരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാഹനമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.