വാഹന വിൽപന കുറഞ്ഞു: യൂസ്ഡ് കാർ വ്യാപാര കമ്പനികളും പ്രതിസന്ധിയിൽ
text_fieldsമസ്കത്ത്: ഒമാനിൽ പുതിയ വാഹനങ്ങളുടെ വിൽപന ഈ വർഷം ഒന്നാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം കുറഞ്ഞതായി റിപ്പോർട്ടുകൾ. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ തുടർച്ചയായി പുതിയ വാഹനങ്ങളുടെ വിൽപന കുറയുകയായിരുന്നു. ഈ വർഷം മാർച്ചിൽ 4949 വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനാണ് നടന്നത്. മുൻവർഷത്തെക്കാൾ 16 ശതമാനം കുറവാണിത്. ആദ്യ പാദത്തിൽ എറ്റവും കൂടുതൽ വിൽപന നടന്ന ടൊയോട്ട കാറുകളാണ്. മൊത്തം വിൽപനയുടെ 47.2 ശതമാനവും ടൊയോട്ട വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. എം.ജി കാറുകളാണ് രണ്ടാമത് വിറ്റഴിഞ്ഞത്. എം.ജി കാറുകളുടെ വ്യാപാരത്തിൽ 19 ശതമാനം വർധനയുണ്ടായി. നിസാന്റെ വിൽപനയിൽ വൻ ഇടിവാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്.
അന്താരാഷ്ട്ര മാർക്കറ്റിൽ വാഹനങ്ങളുടെ വില വർധിച്ചതാണ് വിൽപന കുറയാൻ പ്രധാന കാരണം. സ്പെയർ പാർട്ടുകളുടെയും തൊഴിലാളികളുടെയും ദൗർലഭ്യം കാരണം പല കമ്പനികളും ചെറിയ വാഹനങ്ങളുടെ ഉൽപാദനം നിർത്തിവെച്ചിരുന്നു. വാഹനത്തിൽ ഉപയോഗിക്കുന്ന സെമി കണക്ടർ ചിപ്പുകളുടെ ലഭ്യത ഇല്ലാതായതും വാഹനം ഉൽപാദനത്തെ ബാധിച്ചിരുന്നു. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് വാഹനത്തിൽ ഉപയോഗിക്കുന്ന ചില ലോഹങ്ങളും കിട്ടാനില്ലായിരുന്നു. ബാറ്ററികളിൽ ഉപയോഗിക്കുന്ന നിക്കൺ, കണക്ടർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പല്ലാനിയം എന്നിവയുടെ ഉൽപാദനവും കുറഞ്ഞു. ഈ ലോഹങ്ങൾ റഷ്യയിലായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ വാഹനങ്ങളുടെ വില ഉയരുകയായിരുന്നു. ഒമാനിൽ വാഹനങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഏർപ്പെടുത്തിയതും വില വർധിക്കാൻ കാരണമായി.
വാഹനങ്ങളുടെ വില വർധിച്ചതോടെ പലരും പുതിയ വാഹനം വാങ്ങൽ നിർത്തുകയും ഉപയോഗിച്ചവ വാങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഉപയോഗിച്ച വാഹനങ്ങളുടെ വില മുമ്പത്തെ വിലയെക്കാൾ രണ്ടിരട്ടിയും മൂന്നിരട്ടിയുമായി വർധിച്ചു. പഴയ വാഹനങ്ങൾ വിൽക്കുന്നവർക്കെല്ലാം പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിലയാണ് ലഭിക്കുന്നത്. രണ്ടു ലക്ഷം കിലോമീറ്ററിൽ താഴെ ഓടുകയും കാര്യമായ സങ്കേതിക പ്രശ്നമില്ലാത്തതും 10 വർഷത്തിൽ താഴെ പഴക്കമുള്ളതുമായ പഴയ വാഹനങ്ങൾക്ക് നല്ല വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ഇനത്തിൽപെട്ട വാഹനങ്ങൾ വിൽപനക്ക് വെച്ചാൽ വളരെ പെട്ടെന്ന് വിറ്റഴിയുന്നു.
ഉപയോഗിച്ച വാഹനങ്ങൾ കമ്പനികളിൽനിന്ന് വാങ്ങുമ്പോൾ അഞ്ചു ശതമാനം വാറ്റ് നൽകേണ്ടതിനാൽ പലരും ഉടമകളിൽനിന്ന് നേരിട്ടാണ് ഉപയോഗിച്ച കാറുകൾ വാങ്ങുന്നത്. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടുമ്പോൾ തന്നെ ആവശ്യക്കാരെത്തി നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം വാഹനങ്ങളൊന്നും യൂസ്ഡ് കാർ കമ്പനികളിൽ എത്തുന്നില്ല. ഉടമകൾക്ക് നേരിട്ട് വിൽക്കാൻ കഴിയാത്തതും ഗുണമേന്മ കുറഞ്ഞതുമായ വാഹനങ്ങളാണ് യൂസ്ഡ് കാർ സ്ഥാപനങ്ങളിൽ എത്തുന്നത്. മുമ്പുള്ളതിനെക്കാൾ പകുതി വാഹനങ്ങൾപോലും ഇപ്പോൾ സ്ഥാപനങ്ങളിൽ ഇല്ലെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. ഇത്തരം സ്ഥാപനങ്ങളിലൂടെ വിൽപന നടത്തുന്ന വാഹനങ്ങൾ വാറ്റ് നൽകേണ്ടതും വിലവർധനക്ക് കാരണമാവുന്നു. ഇതോടെ യൂസ്ഡ് കാർ വ്യാപാര സ്ഥാപനങ്ങൾ പലതും പ്രതിസന്ധി നേരിടുകയാണ്.
കാറുകളുടെ ഇടത്തരം മാർക്കറ്റാണ് ഒമാൻ. 2003 മുതൽ 2013 വരെയുള്ള കാലയളവിൽ ഒമാൻ കാർ വിൽപന കുത്തനെ ഉയർന്നിരുന്നു. എന്നാൽ, 2014ൽ ഇന്ധനവില ഇടിഞ്ഞതു മുതൽ ഒമാനിലെ വാഹന വ്യാപാരം ഇടിയുകയായിരുന്നു. ഇന്ധനവില കുറഞ്ഞതും വാറ്റ് നടപ്പാക്കിയതും വാഹന വ്യാപാരത്തെ ബാധിച്ചിരുന്നു. 2020-2021ലെ കോവിഡ് പ്രതിസന്ധി വാഹന വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ഈ വർഷങ്ങളിൽ 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ചെറിയ വാഹന വ്യാപാരം എത്തി. എന്നാൽ, 2022ൽ ഒമാന്റെ സാമ്പത്തിക മേഖല മെച്ചപ്പെടാൻ തുടങ്ങിയെങ്കിലും അന്താരാഷ്ട്ര മേഖലയിലെ പ്രശ്നങ്ങൾ ഒമാൻ വാഹന വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.