വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കില്ല –ആർ.ഒ.പി
text_fieldsമസ്കത്ത്: വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒന്നിലധികം പേരുള്ള വാഹനങ്ങൾ പൊലീസ് തടഞ്ഞു നിർത്തുമെന്നും ഒരു കുടുംബത്തിൽതന്നെയുള്ളവരാണ് വാഹനത്തിലുള്ളതെന്ന് ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് പരിശോധിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമത്തിൽ നടക്കുന്നത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്താൻ ഒരു നിർദേശവും ലഭിച്ചിട്ടില്ല. വാർത്തകളുടെ വാസ്തവം ഉറപ്പുവരുത്തണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചു.
അതേസമയം, രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി തീരുമാനം ഇന്ന് നിലവിൽ വരും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് മാർച്ച് 20 വരെ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ച അഞ്ചു മണിവരെ അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. റസ്റ്റാറൻറുകളും കഫേകളുമെല്ലാം അടച്ചിടണം. ഹോം ഡെലിവറികൾക്കും വിലക്കുണ്ട്. പെട്രോൾ സ്റ്റേഷനുകൾ, ആരോഗ്യസ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവയെ മാത്രമേ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂ. വ്യാപാരസ്ഥാപനങ്ങൾ അടക്കണമെങ്കിലും രാത്രി സമയത്ത് വാഹനഗതാഗതത്തിന് തടസ്സമുണ്ടാകില്ല. ആളുകൾക്ക് പുറത്തിറങ്ങുകയും ചെയ്യാവുന്നതാണ്. സ്കൂളുകളിൽ മാർച്ച് ഏഴു മുതൽ 11 വരെ ഒാൺലൈൻ പഠനം തുടരാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. രോഗത്തെ ഗുരുതരമായി കാണണമെന്നും രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ വലിയ രീതിയിലുള്ള ഒത്തുചേരലുകൾ പാടില്ലെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.