കേരള വിഭാഗം ‘വേനൽ തുമ്പികൾ’ ക്യാമ്പിന് സമാപനം
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം കുട്ടികൾക്കായി ജൂലൈ 14, 15, 20 , 21 തീയതികളിൽ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു. നാലു ദിവസങ്ങളിലായി 170ലേറെ കുട്ടികളാണ് പങ്കെടുത്തത്. വിദ്യാഭ്യാസ പ്രവർത്തകൻ സുനിൽ കുന്നരുവായിരുന്നു ക്യാമ്പ് ഡയറക്ടർ. വായന, എഴുത്ത്, ചിത്രരചന, നാടകം, സംഗീതം, സിനിമ തുടങ്ങിയ മേഖലയിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും പരിശീലനവുമാണ് ക്യാമ്പിൽ നൽകിയത്.
കൂടുതൽ ആവേശത്തോടെ കുട്ടികൾക്കായി പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ക്യാമ്പ് ഊർജം നൽകുന്നുവെന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഭാരവാഹികൾ പറഞ്ഞു. സമാപനസമ്മേളനത്തിൽ കൺവീനർ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. സുനിൽ കുന്നരു കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു.
വേനൽ തുമ്പികൾ ക്യാമ്പിൽനിന്ന് സ്വായത്തമാക്കിയ അറിവുകൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച ഹ്രസ്വചിത്ര പ്രദർശനം, ചുമർപത്രം, കഥാപ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കമ്മിറ്റി അംഗങ്ങളും വളന്റിയർമാരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയന്റ് സെക്രട്ടറി റിയാസ് സ്വാഗതവും കോ കൺവീനർ കെ.വി. വിജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.