കേരള വിഭാഗം വേനൽതുമ്പി ക്യാമ്പിന് തുടക്കം
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി നടത്തിവരുന്ന വേനൽതുമ്പി ക്യാമ്പ് ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ തുടക്കമായി. ഈ വർഷത്തെ ക്യാമ്പ് ജൂലൈ 14-15, 20-21 തീയതികളിലാണ് നടക്കുന്നത്. ഈ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമണി വരെയായിരിക്കും ക്യാമ്പ്. പ്രവേശനം തികച്ചും സൗജന്യമാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 15ലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.
പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ക്യാമ്പ് ഡയറക്ടറുമായ സുനിൽ കുന്നിരു ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹിക ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണ്യ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
പരിപാടിയിൽ മസ്കത്തിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനായ പത്മനാഭൻ തലോറ, കേരള വിഭാഗം ജോ. കൺവീനർ കെ.വി. വിജയൻ, ട്രഷറർ ശ്രീ അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. ബാലവിഭാഗം ജോ. സെക്രട്ടറി റിയാസ് സ്വാഗതവും കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം സന്തോഷ് എരിഞ്ഞേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.