വേനല്‍തുമ്പി ക്യാമ്പ് 15ന് തുടങ്ങും
text_fieldsമസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളവിഭാഗം കുട്ടികള്‍ക്കായി വേനല്‍ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 15, 16 തീയതികളിലായി ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒന്ന് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ ആയിരിക്കും ക്യാമ്പ്.
ഒമാനിലെ അറിയപ്പെടുന്ന നാടകപ്രവര്‍ത്തകനും വേനല്‍തുമ്പി ക്യാമ്പിന്റെ സ്ഥിര സാന്നിധ്യവുമായ പത്മനാഭന്‍ തലോറയാണ് ക്യാമ്പ് നയിക്കുന്നത്. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുന്ന വിധത്തില്‍ വിനോദ-വിജ്ഞാനപ്രദമായാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളില്‍നിന്ന് പുറത്തുകടക്കുക, സാമൂഹിക ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകള്‍ കുട്ടികളില്‍ എത്തിക്കുക, വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.
കേരളവിഭാഗം നിലവില്‍ വന്നതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ ഒഴികെ എല്ലാ വര്‍ഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചുവരുന്നത്. ക്യാമ്പിന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 92338105, 99845314 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.