റമദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി നിസ്വയിലെ ഗ്രാമങ്ങൾ
text_fieldsവൈദ്യുതി വിളക്കുകൾകൊണ്ട് അലങ്കരിച്ച
നിസ്വയിലെ അൽ അഖർ പ്രദേശം
മസ്കത്ത്: റമദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി നിസ്വയിലെ ഗ്രാമങ്ങൾ. റോഡുകളും ഗ്രാമങ്ങളും വൈദ്യുതി വിളക്കുകൾകൊണ്ടും മറ്റ് ആകർഷകവും പരമ്പരാഗതവുമായ വസ്തുക്കൾകൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. റമദാൻ ആഗതമായപ്പോൾതന്നെ വീടുകളും കടകളും ആകർഷകമായ രീതിയിൽ ഇവിടെ അലങ്കരിച്ച് തുടങ്ങിയിരുന്നു. നിസ്വയിലെ അൽ അഖർ പ്രദേശം കൃത്രിമ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്നത് നയനാനന്ദകര കാഴ്ചയാണ് പകർന്നു നൽകുന്നത്.
ഇഫ്താർ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ നടക്കാനും വിശ്രമിക്കാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. റമദാനിൽ ഞങ്ങളുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് അനുഭവിച്ച കാര്യങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് അൽ അഖ്ർ ലെയ്നിന്റെ ചുമതലയുള്ള സുലൈമാൻ അൽ സുലൈമാനി പറഞ്ഞു.
ഒമാനി പാരമ്പര്യങ്ങളായ തഹ്ലുല, ഖറൻഖഷു എന്നിവ ഇവിടെ ആഘോഷിക്കാനും ആലോചിക്കുന്നുണ്ട്.നിസ്വയിലെ പുരാതന പ്രദേശങ്ങളിലൊന്നാണ് അൽ അഖർ. പരമ്പരാഗത രീതിയിലുള്ള മൺവീടുകൾ ഇവിടെയുണ്ട്. 4000 വർഷത്തിന്റെ ചരിത്രപാരമ്പര്യമുണ്ട് ഗ്രാമത്തിന്. ഹിജ്റ എട്ടാം വർഷത്തിൽ പണിത അൽ ശവത്ന മസ്ജിദ് ഈ ഗ്രാമത്തിലാണുള്ളത്. അൽ ഫർദ്, അൽ മസ്റ മസ്ജിദുകളും അതിനടുത്തായിട്ടുണ്ട്.
നാലു വർഷം മുമ്പ് അൽ അഖർ പരിസരം പൂർണമായും വിജനമായിരുന്നു. എന്നാൽ, ചില യുവാക്കളുടെ ശ്രമഫലമായി ഈ സ്ഥലത്തെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ജീർണിച്ച വീടുകൾ പരമ്പരാഗത രീതിയിൽ ഹോട്ടൽ മുറികളാക്കി നവീകരിച്ച് ഹെറിറ്റേജ് സത്രങ്ങളും കഫേകളും ഉൾപ്പെടെ വിവിധ പദ്ധതികളാണ് ഗ്രാമത്തിലെ യുവാക്കൾ ആവിഷ്കരിച്ചത്. കഫേകളും റസ്റ്റാറന്റുകളും പരമ്പരാഗത അനുഭൂതി നൽകുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.