ആഘോഷ നിറങ്ങളിലാറാടി ഗ്രാമങ്ങൾ; ടൂറിസം മേഖലക്ക് ഉണർവ്
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടക്കുന്ന ഫെസ്റ്റിവലുകൾ വിനോദസഞ്ചാരമേഖലക്ക് ഉണർവാകുന്നു. ടൂറിസം പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും വിനോദസഞ്ചാര സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനുമാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തത്.
ഒക്ടോബർ മുതൽ ഏപ്രിൽവരെ നീളുന്ന ശൈത്യകാല ടൂറിസം സീസൺ മുന്നിൽ കണ്ട് മന്ത്രാലയം നിരവധി പരിപാടികളും ഫെസ്റ്റിവലുകളും ആസൂത്രണംചെയ്തിട്ടുണ്ടെന്ന് പൈതൃക-ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസാനി പറഞ്ഞു.
ഇതിൽ മസ്കത്ത് ഗവർണറേറ്റിലെ മസ്കത്ത് നൈറ്റ്സ്, ‘അയൺമാൻ 70.3’, ദോഫാറിലെ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവൽ, വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഡെസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സമാപിച്ച ചില പരിപാടികളായിരുന്നു. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കാനായെത്തിയിരുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനും വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും സഹായകമാകുന്നതായിരുന്നു പരിപാടികൾ.
ചെറുകിട ഇടത്തരം സംരംഭകരൊക്കെ പലമേളകളിലും ഭാഗമാകുന്നതിനാൽ നഗരങ്ങളോടൊപ്പം ഗ്രാമങ്ങളിലും ഫെസ്റ്റിവലിന്റെ അലയൊടികൾ എത്തുന്നുണ്ട്.
മുസന്തം, ബുറൈമി ഉൾപ്പെടെയുള്ള മറ്റ് ഗവർണറേറ്റുകളിൽ വരാനിരിക്കുന്ന കാലയളവിൽ കൂടുതൽ പരിപാടികൾ നടത്തുമെന്ന് ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിപ്രായത്തിൽ അൽ ഗസാനി പറഞ്ഞു. ഗവർണറേറ്റുകളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും ഹോട്ടൽ താമസനിരക്ക് വർധിപ്പിക്കുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണ് ക്രൂസ് ഷിപ് ടൂറിസം. രാജ്യത്തെ തുറമുഖങ്ങളിലേക്കെത്തുന്ന ക്രൂസ് കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ പൈതൃക, ടൂറിസം മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സലാല, സുൽത്താൻ ഖാബൂസ്, ഖസബ് എന്നീ തുറമുഖങ്ങളിലേക്ക് നിരവധി ക്രൂസ് കപ്പലുകൾ ആകർഷിക്കാൻ ഒമാന് കഴിഞ്ഞതായി പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പാറ്റേൺസ് വകുപ്പ് ഡയറക്ടർ ഖാലിദ് ബിൻ മുഹമ്മദ് അൽ അസ്രി പറഞ്ഞു.
2022-23 സീസണിൽ രാജ്യത്ത് 200 ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. വരും കാലയളവിൽ പ്രാദേശിക -ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയായി ടൂറിസം മാറുമെന്ന് ഖിംജി രാംദാസ് ഗ്രൂപ് ഡയറക്ടർ നൈലേഷ് ഖിംജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.