പ്രവാസത്തിന് വിരാമം; വിനോദ് ജീവിതം ഇനി നാട്ടിൽ തുന്നിചേർക്കും
text_fieldsസൂർ: സൂറിലെ ആദ്യകാല പ്രവാസികളിലൊരാൾ കൂടി നാടണഞ്ഞു. സൂർ ഷെറിയയിലെ ലേഡീസ് ടൈലർ ആയി ജോലി ചെയ്തിരുന്ന കോഴിക്കോട് തച്ചൻകുന്നു സ്വദേശി വിനോദാണ് 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചത്. 1991തുടക്കത്തിൽ ഒമാനിലെത്തിയ ഇദ്ദേഹം ജീവിതം തുന്നിപിടിപ്പിച്ചത് സൂർ ഷെറിയയിലുള്ള തയ്യൽകടയിലൂടെയാണ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൂരിലെ പ്രവാസ ജീവിതത്തിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാക്കാൻ സാധിച്ചതിൽ ഒമാനോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നാണ് വിനോദ് പറയുന്നത്. കസ്റ്റമേഴ്സിൽ അധികവും നാട്ടുകാരായതിനാൽ തന്നെ നല്ല സഹകരണവും സൗഹാർദപരമായ പെരുമാറ്റവും കൂടിയായതിനാലാണ് പ്രവാസ ജീവിതം ഇങ്ങനെ നീണ്ടുപോയത്.
പ്രവാസ ജീവിതം നിർത്തിപോകുകയാണെന്ന് സ്പോൺസറോട് പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. ഇനിയും തുടരണമെന്നും എന്തു സഹായവും ചെയ്യാൻ ഞാൻ തയാറാണെന്നുമാണ് അറിയിച്ചത്. തയ്യൽ തൊഴിലുമായി ബന്ധപ്പെട്ട് നാട്ടിൽ ചെറിയ രീതിയിലുള്ള സംരംഭം തുടങ്ങാനും ഒപ്പം രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സാംസ്കാരിക സംഘടനായ കൈരളിയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. സൂറിലെ സാമൂഹിക -സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. ഒമാനെ വിറപ്പിച്ച ഗോനു-ഫെറ്റ് പ്രളയസമയത്തും കോവിഡ് കാലത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സാധിച്ചത് എന്നും മറക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.