തൊഴിൽനിയമ ലംഘനം; പിടിയിലായത് 7000ത്തിലധികം പ്രവാസികൾ
text_fieldsമസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന സംഘം അറിയിച്ചു. തൊഴിലന്തരീക്ഷം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ ഒമാനിലെ എല്ലാ തൊഴിൽക്ഷേമ വകുപ്പുകളിലും മന്ത്രാലയം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഇൻസ്പെക്ഷൻ നാസർ ബിൻ സലേം അൽ ഹദ്റമി പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യം മുതൽ മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു. ജോലി സമയം, സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും തൊഴിൽ, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവബോധം നൽകൽ എന്നിവയെല്ലാം സംഘം പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂർ അറിയിപ്പ് കൂടാതെ ഏതു ജോലിസ്ഥലത്തും പ്രവേശിക്കാൻ പരിശോധന ടീമിന് അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ ഒമ്പതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും തൊഴിലുടമകൾ പരിശോധന സംഘത്തിന് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ടെന്ന് അൽ ഹദ്റമി വ്യക്തമാക്കി. തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ജോലി തടസ്സപ്പെടുത്തുകയാണെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 112 അനുസരിച്ച് ശിക്ഷിക്കപ്പെടും.
500 റിയാലിൽ കവിയാത്ത പിഴയോ ഒരു മാസത്തിൽ കൂടാത്ത തടവോ അനുഭവിക്കേണ്ടിവരും. അല്ലെങ്കിൽ ഈ രണ്ടു പിഴകളിൽ ഒന്ന് ചുമത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം 12,045 പരിശോധനകളാണ് നടത്തിയത്. 17,000ത്തിലധികം തൊഴിലാളികളെ അറസ്റ്റും ചെയ്തു. ജോലിസ്ഥലത്തുനിന്ന് ഓടിപ്പോയവരുടെ എണ്ണം 27,954 ആയിരുന്നു. തൊഴിൽ പരാതികൾ 66,469 ആയി ഉയർന്നതായും കണക്കുകൾ ഉദ്ധരിച്ച് അൽ ഹദ്റമി പറഞ്ഞു. അതേസമയം, തൊഴിൽ വിപണിയിലെ അനഭിലഷണീയമായ പ്രവണത ഒഴിവാക്കാൻ മന്ത്രാലയം അടുത്തിടെ പരിശോധന കാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.