തൊഴിൽ നിയമലംഘനം: പരിശോധന ശക്തമായി, 66 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: പുതിയ സംവിധാനത്തിനുകീഴിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിതമായിത്തുടരുന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽനിന്ന് 66 അനധികൃത പ്രവാസി തൊഴിലാളികളെ പിടികൂടി.
തൊഴിൽ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനയിലാണിവർ വലയിലായത്. അടുത്തിടെ തൊഴിൽ മന്ത്രാലയം കരാർ ഒപ്പുവെച്ച സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റുമായി സഹകരിച്ചായിരുന്നു പരിശോധന.
അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു.
ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. അടുത്ത ഘട്ടങ്ങളിൽ മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയുണ്ടാവുമെന്നാണറിയാൻ കഴിയുന്നത്. താമസ രേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും പിടിയിലാവും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലേബർ കാർഡിൽ പറഞ്ഞ ജോലി തന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. റോഡിൽ യാതൊരു രേഖയുമില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരും കുടുങ്ങും.
അൽ ഹംരിയ്യയടക്കമുള്ള നഗരങ്ങളിൽ ഫ്രീ വിസയിൽ വന്നുനിർമാണ ജോലിക്കു പോവുന്നവരും നിരവധിയാണ്. ആവശ്യക്കാരിവിടെവന്നു തൊഴിലാളികളെ ജോലിക്കുകൊണ്ടുപോകാറുണ്ട്. നിയമം കർശനമാവുന്നതോടെ ഇത്തരക്കാരും പിടിയിൽവീഴും.
സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും വലയിൽകുടുങ്ങും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.