തൊഴിൽ നിയമലംഘനം; വടക്കൻ ബാത്തിനയിൽ 207 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: തൊഴിൽ നിയമലംഘനങ്ങൾക്കെതിരെയുള്ള പരിശോധന വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് സെപ്റ്റംബറിൽ 207 പ്രവാസി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. 638 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 80 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ജോയന്റ് ഇൻസ്പെക്ഷൻ ടീമാണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 260 തൊഴിലാളികളെയും കണ്ടെത്തി.
അനധികൃത തൊഴിലാളിളെ കണ്ടെത്താൻ കനത്ത പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയത്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും.
അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. താമസ രേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും പിടിയിലാവും.
സ്വദേശികൾക്കായി നീക്കിവെച്ച തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും വലയിൽ കുടുങ്ങും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.