തൊഴിൽ നിയമ ലംഘനം; വടക്കൻ ബാത്തിനയിൽ 658 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന വിവിധ ഗവർണറേറ്റുകളിൽ തുടരുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഒക്ടോബറിൽ 658 പ്രവാസി തൊഴിലാളികളെയാണ് പിടികൂടിയത്. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവർണറേറ്റിലെ ലേബർ ഡയറക്ടറേറ്റ്, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസിന്റെ ഇൻസ്പെക്ഷൻ യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
ജോലി ഉപേക്ഷിച്ച 425 പേർ, റസിഡൻസി കലാവധി കഴിഞ്ഞവർ, തൊഴിലുടമകളല്ലാത്തവർക്കുവേണ്ടി ജോലി ചെയ്ത 68 പേർ, വർക്ക് പെർമിറ്റ് ഇല്ലാതെ ഒമാനി തൊഴിലുകളിൽ ജോലി ചെയ്തിരുന്ന 106 പേർ, സ്വയം തൊഴിൽ ചെയ്യുന്ന 59 പേർ എന്നിവരെയാണ് പിടികൂടിയത്. 49 തൊഴിൽ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബുറൈമി ഗവർണറേറ്റിൽനിന്ന് കഴിഞ്ഞദിവസം 26 വിദേശികളെ പിടികൂടിയിരുന്നു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും.
അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.