വിസ നിരക്കിളവ്: 'ഒമാന്റെ സാമ്പത്തിക വളർച്ചക്ക് കരുത്തുനൽകും'
text_fieldsമസ്കത്ത്: വിദേശികളുടെ വിസ നിരക്കുകൾ കുറച്ചുകൊണ്ട് ഞായറാഴ്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രവാസികൾ പരക്കെ സ്വാഗതം ചെയ്തു. രാജ്യത്ത് നിക്ഷേപം വർധിക്കാനും പുതിയ നിരവധി സ്ഥാപനങ്ങൾ ആരംഭിക്കാനും തീരുമാനം സഹായകമാവും. ഉയർന്ന വിസ നിരക്കുകാരണം നാട്ടിൽ പോയ പലരെയും സ്ഥാപനങ്ങൾ തിരിച്ചുവിളിക്കാനും കഴിവും പരിചയവുമുള്ളവർക്ക് കൂടുതൽ അവസരം ലഭിക്കാനും വിസ ഇളവ് കാരണമാക്കും. ഇതോടെ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ എണ്ണം വർധിക്കുകയും ചെയ്യും.
സുൽത്താന്റെ ഉത്തരവ് ഏറ്റവും നല്ല തീരുമാനമാണെന്നും എല്ലാ മേഖലകളിലുമുള്ള വളർച്ചക്ക് തീരുമാനം വഴിയൊരുക്കുമെന്നും സെഫ്റ്റി ടെക്നിക്കൽ സർവിസസ് മാനേജിങ് ഡയറക്ടർ അഷ്റഫ് പടിയത്ത് പറഞ്ഞു. പുതിയ തീരുമാനം സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ തോത് പൂർത്തിയാവുന്നവർക്ക് വിസ നിരക്കിൽ കൂടുതൽ ഇളവുള്ളതിനാൽ കമ്പനികളും സ്ഥാപനങ്ങളും സ്വദേശിവത്കരണ തോത് പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യും. നടപ്പാക്കുന്നത് കമ്പനികൾക്ക് ലാഭമാണുണ്ടാക്കുകയെന്നും അദ്ദഹം പറഞ്ഞു.
ഇതുവരെ മാനേജർ, ഇൻവെസ്റ്റർ അടക്കമുള്ള ഉന്നത തസ്തികയിലുള്ളവർക്ക് ഉയർന്ന നിരക്കാണ് ഉണ്ടായിരുന്നത്. ഇതുകാരണം പല കമ്പനികളും ഉയർന്ന തസ്തികയിലുള്ളവരെ ഒഴിവാക്കിയിരുന്നു. പുതിയ തീരുമാനം കഴിവുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങിയ എല്ലാ മേഖലയിലും ഉണർവുണ്ടാവും. കഴിഞ്ഞ വർഷം വിസ നിരക്ക് ഉയർത്തിയപ്പോൾ വിസ കാറ്റഗറികൾ മാറ്റിയ നിരവധി പേരുണ്ട്. ഇത്തരക്കാർക്ക് ഉയർന്ന തസ്തികയിലുള്ള ജോലികൾ ചെയ്യുമ്പോൾ പ്രയാസങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനം എല്ലാ മേഖലയിലും വളർച്ചയുണ്ടാക്കാൻ സഹായകമാവുമെന്ന് ആദ്യകാല പ്രവാസി കെ.വി. ഉമർ പ്രതികരിച്ചു. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ കൂടുതൽ പേർ ഒമാനിലേക്ക് തിരിച്ചെത്തും. അതോടൊപ്പം, 60 വയസ്സ് കഴിഞ്ഞവർക്കും വിസ പുതുക്കാമെന്ന തീരുമാനവും പ്രവാസികൾക്ക് അനുഗ്രഹമാണ്. കഴിഞ്ഞ വർഷം നിയമം നടപ്പിലായതോടെ ഉയർന്ന ശമ്പളമുള്ള നിരവധിപേർ രാജ്യം വിട്ടിരുന്നു. ഇത്തരക്കാർ വീണ്ടും തിരിച്ചുവരാൻ പുതിയ നിരക്കുകൾ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.