ഇന്ത്യക്കാർക്ക് ഒമാനിലേക്ക് വിസരഹിത യാത്ര; വാർത്ത അടിസ്ഥാനരഹിതം -റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ‘ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ഒമാനിലും ഖത്തറിലും ഇപ്പോൾ വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ ഓൺ അറൈവൽ വിസയിലൂടെയോ യാത്ര ചെയ്യാൻ കഴിയുന്ന മറ്റ് 62 രാജ്യങ്ങളിൽ രണ്ട് ജി.സി.സി രാജ്യങ്ങൾ മാത്രമാണുള്ളത്’ എന്ന രീതിയിൽ ചില ഓൺലൈൻ പോർട്ടലുകളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അത്തരം റിപ്പോർട്ടുകളിലോ അറിയിപ്പുകളിലോ യാതൊരു സത്യവുമില്ലെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. അമേരിക്ക, കനഡ, യൂറോപ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും. യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ താമസ വിസയുള്ള ഇന്ത്യക്കാർക്ക് 14 ദിവസം ഒമാനിൽ തങ്ങുന്നതിന് വിസ ഇല്ലാതെ സൗജന്യമായി ഒമാനിൽ പ്രവേശിക്കാൻ കഴിയുമെന്നും അൽ ഹാഷ്മി പറഞ്ഞു. ഇവർക്ക് ഓൺ അറൈവലിൽ പെട്ടെന്ന് വിസ കിട്ടുകയും ചെയ്യും.
ഒമാനിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും വാർത്ത സജീവ ചർച്ചയായി. ഇത് സംബന്ധമായ നിരവധി അന്വേഷണങ്ങൾ പത്ര മേഖലയിലുള്ളവർക്കും സാമൂഹിക പ്രവർത്തകർക്കും ലഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.