ബുറൈമിയിൽ ഭക്ഷ്യ വിതരണ മേഖലയിലെ വിസ പുതുക്കിത്തുടങ്ങി
text_fieldsബുറൈമി: ബുറൈമി മുഹാഫളയിൽ ഭക്ഷ്യ വിതരണ മേഖലയിലെ വിസ പുതുക്കി നൽകാൻ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചത് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിനു വിദേശികൾക്ക് ആശ്വാസമായി. കൊമേഴ്സ്യൽ പ്രമോട്ടർ/സെയിൽസ് പ്രതിനിധി, പർച്ചേസിങ് റപ്രസന്റേറ്റിവ്, ഗുഡ്സ് ഡിസ്ട്രിബ്യൂട്ടർ, ജനറൽ സപ്ലയർ ഓഫ് ഗ്രോസറി, പഴം-പച്ചക്കറി വിൽപന, ലോഡിങ് ആൻഡ് അൺലോഡിങ് വർക്കർ എന്നീ ഏഴ് തസ്തികകളിലാണ് വിസ പുതുക്കി നൽകി തുടങ്ങിയത്. മുൻകാലത്തെ പോലെ തന്നെ പുതുക്കി നൽകാൻ 301 റിയാൽ തന്നെയാണ് ഈടാക്കുന്നത്. മൂല്യവർധിത നികുതി പുറമെ നൽകേണ്ടി വരും. ഈ പണം സ്പോൺസർ സ്വന്തം പേരിലുള്ള ബാങ്ക് കാർഡ് വഴി ബുറൈമി ലേബർ ഓഫിസിൽ പോയി നേരിട്ട് അടക്കണം.
ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിർബന്ധിത ഹെൽത്ത് കാർഡ് സനദ് സെന്റർ വഴി ഒൺലൈനിൽ അപേക്ഷിക്കാം. സ്വദേശിവത്കരണ ഭാഗമായി കഴിഞ്ഞ വർഷം മേയ് മുതലാണ് ഭക്ഷ്യ വിതരണ മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികളുടെ വിസ പുതുക്കി നൽക്കേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്. അന്ന് മുതൽ വിസ കാലാവധി അവസാനിച്ചവർ നാട്ടിലേക്ക് മടങ്ങിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തങ്ങിയവർക്ക് മാസത്തിൽ 95 റിയാൽ പിഴ അടച്ച് രാജ്യം വിടേണ്ടി വന്നു. പിന്നീട് നവംബർ ആദ്യവാരത്തോടെ പിഴ ഒഴിവാക്കി സർക്കാർ ഉത്തരവിട്ടു. ഡിസംബർ 31 വരെയായിരുന്നു പിഴ കൂടാതെ നാട്ടിൽ പോകാനുള്ള അവസരം. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഒരുപാട് പേർ വിസ റദ്ദ് ചെ യ്തു നാടണഞ്ഞു. ഇതിൽ ചിലരെ സ്പോൺസർമാർ മറ്റ് തസ്തികകളിലുള്ള വിസയിൽ കൊണ്ടുവന്ന് സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിച്ചു. വിസ റദ്ദ് ചെയ്ത് സ്വന്തം സ്ഥാപനങ്ങൾ അടച്ചുപൂട്ടി നാട്ടിലേക്ക് മടങ്ങിയവർക്കും പുതിയ വിസയിൽ തിരിച്ചു വരാനാകുമെന്ന പ്രത്യാശയിലാണ് വിദേശികൾ. പുതിയ തീരുമാനം ബുറൈമിയിലെ വാണിജ്യ വ്യാപാര മേഖലയിൽ പുത്തനുണർവ് പകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.