വിഷു അവസാന വട്ട ഒരുക്കത്തിൽ മലയാളികൾ
text_fieldsസുഹാർ: വിഷുവിന് ഒരുനാൾ മാത്രം ശേഷിക്കെ പ്രവാസി മലയാളികളിൽ വിഷു ഒരുക്കങ്ങൾ തകൃതിയായി. രാജ്യത്തെ ഷോപ്പിങ് മാളുകളിൽ വിഷു ആഘോഷിക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകൾ ഒരുങ്ങിക്കഴിഞ്ഞു. സദ്യ വട്ടത്തിനുള്ള കുത്തരിയടക്കം നിരവധി സാധനങ്ങളാണ് ഒരുക്കിയിട്ടുള്ളത് ശർക്കര, നെയ്യ്, പാലട, അച്ചാർ, കദളി പഴം, പപ്പടം, വാഴ ഇല എന്നിവയൊക്കെ വിൽപനയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വെള്ളരി, ചക്ക, ചെറുപഴം, ഫ്രൂട്ട്, ഓട്ടുരുളി, നെല്ല്, നാളികേരം, വെള്ളമുണ്ട്, നാണയം, കണ്മഷി, ചാന്ത്, കുപ്പിവള, പൂക്കൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. കണിക്കുള്ള വിഭവങ്ങളിൽ കൊന്നയും പിടി ചക്കയും വെള്ളരിയും വളകളും നാടൻ പഴ വർഗങ്ങളുമാണ് കൂടുതലും വിറ്റു പോകുന്നതെന്ന് റൂവി റെക്സ് റോഡിലെ അമാന ഷോപ്പ് ഉടമ നൗഷാദ് പറഞ്ഞു. വിശേഷ അവസരങ്ങളിൽ പ്രത്യേകം എത്തിക്കുന്ന സാധനങ്ങൾക്ക് വില അൽപം കൂടുമെങ്കിലും ആഘോഷം പൊടിപൊടിക്കാൻ മലയാളികൾ മടിക്കാറില്ല എന്നും നൗഷാദ് പറയുന്നു.
ഹോട്ടലുകളിൽ റമദാൻ കാലമായതിൽ വിഷു സദ്യ പഴയത് പോലെ ഇല്ലെങ്കിലും മാളുകളിൽ വിഷു സദ്യയുടെ ബുക്കിങ് നടക്കുന്നുണ്ട്.
ലുലു, നെസ്റ്റോ എന്നിവിടങ്ങളിലെ ഫുഡ് കോർട്ടിൽ വിഷു സദ്യയുടെ ബാനർ ദിവസങ്ങൾക്കു മുമ്പേ ഉയർന്നിരുന്നു. നല്ല ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
വിഷു സദ്യ മുൻകാലങ്ങളിൽ ഒരുക്കിയിരുന്ന ഹോട്ടലുകളിൽ ചിലതിൽ പായസ പാർസൽ മാത്രമാണ് നൽകുന്നത്. സോഹാറിലെ കോഴിക്കോടൻ മക്കാനി പ്രതിനിധി പറയുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ട്, പൊന്ന്, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടക്ക വെറ്റില, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേര പാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് കണി ഒരുക്കുക. കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
ഐശ്വര്യസമ്പൂർണമായ വിഷുക്കണി കണ്ടുണരുമ്പോൾ പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുക എന്നാണ് വിശ്വാസം. കൊറോണ കാലത്തിനുശേഷം എത്തിയ വിഷു ആഘോഷിക്കാൻ പ്രവാസികൾ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷത്തിന് പൊലിമ കൂട്ടാൻ അവധിക്കാലത്ത് എത്തിയ കുടുംബങ്ങളും ചേരുമ്പോൾ വിഷു സദ്യയും ആഘോഷവും കേമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.