വിഷുപ്പുലരിയിൽ...
text_fieldsമസ്കത്ത്: കോവിഡ് ഭീതിയും നിയന്ത്രണങ്ങളുമില്ലാതെ ഒമാനിലെ മലയാളികളും ഇന്ന് വിഷു ആഘോഷിക്കും. രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് നിയന്ത്രണങ്ങളില്ലാതെ വിഷുവെത്തുന്നത്. അതിനാൽ ഈ വർഷം പൊലിമ കൂടുതലാണ്. വിഷു വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയായത് ആഘോഷം വർധിപ്പിക്കും. അവധി ദിവസമായതിനാൽ ജോലിക്കുപോകുന്നവർക്കും വീട്ടിൽത്തന്നെ ആഘോഷങ്ങളിൽ പങ്കാളിയാകാൻ കഴിയും.
കുടുംബങ്ങളും ഒറ്റക്ക് താമസിക്കുന്നവരും പരമ്പരാഗത രീതിയിൽ തന്നെയാണ് വിഷു ആഘോഷിക്കുന്നത്. കണി കണ്ടുണരാൻ കണിവിഭവങ്ങൾ നിരന്നുകഴിഞ്ഞു. വിഷുസദ്യ വിഭവങ്ങൾ ഒരുക്കുന്നതിന്‍റെ തിരക്കിലാണ് കുടുംബങ്ങൾ.
പുതുവസ്ത്രങ്ങളുടുത്ത് കുട്ടികൾ വിഷുക്കൈനീട്ടത്തിനായി കാത്തിരിക്കും. നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്.
വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരേത്ത എത്തിയിരുന്നു. കണിമാങ്ങയും വെള്ളരിയും കൊന്നയും അടക്കമുള്ള വിഷുവിഭവങ്ങൾ വാങ്ങാൻ വ്യാഴാഴ്ച വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിൽനിന്ന് വിഷുവിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഇന്നലെ കണിക്കൊന്നകൾ കൂടി എത്തിയതോടെ വിഷുവിഭവങ്ങൾ പൂർണതയിലായി. വിഷുക്കണിക്കായി കൊന്നകൾ ഒമാനിലെ കൊന്ന മരങ്ങളിൽനിന്ന് ശേഖരിക്കുന്നവരും നിരവധിയാണ്. സാധാരണയിൽനിന്ന് വ്യത്യസ്തമായി ഒമാനിലെ നിരവധി കൊന്നമരങ്ങൾ ഈവർഷം പൂത്തിരുന്നു. പലഭാഗത്തുമുള്ള കൊന്നമരങ്ങൾ വ്യാഴാഴ്ച ഉച്ചയോടെത്തന്നെ പൂവൊഴിഞ്ഞിരുന്നു. വിഷുവിന്‍റെ ഭാഗമായി റുസൈൽ, മവാല സെൻട്രൽ പച്ചക്കറി മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു.
റമദാനായതിനാൽ ഹോട്ടലുകൾ തുറക്കാത്തത് വിഷുസദ്യയെയും മറ്റും ചെറുതായി ബാധിക്കും. എന്നാലും പല ഹൈപ്പർമാർക്കറ്റുകളും വിഷുസദ്യ പാർസലായി നൽകുന്നുണ്ട്. പല സ്ഥാപനങ്ങളും ബുക്കിങ് അനുസരിച്ചാണ് പാർസലുകൾ നൽകുന്നത്. സദ്യക്കിറ്റുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നതായി ഹൈപ്പർ മാർക്കറ്റുമയി ബന്ധപ്പെട്ടവർ പറയുന്നു. വിഷു ഓഫറുകൾ വ്യാപാര സ്ഥാപനങ്ങളിൽ നേരേത്തതന്നെ ആരംഭിച്ചിരുന്നു. വിഷു ഉൽപന്നങ്ങൾക്കെല്ലാം പല വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ നൽകിയിരുന്നു. വിഷുവിന്‍റെ ഭാഗമായി പച്ചക്കറി ഇനങ്ങളും ധാരാളമായി എത്തിയിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ആശങ്കകളില്ലാതെ വിഷു ആഘോഷിക്കാൻ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.