വിഷൻ 2026: ഒരുങ്ങുന്നത് ബൃഹത് പദ്ധതികൾ -ടി. ആരിഫലി
text_fieldsമസ്കത്ത്: ഇന്ത്യയിലെ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2026ൽ ഒരുങ്ങുന്നത് ബൃഹത് പദ്ധതികളാണെന്ന് ചെയർമാൻ ടി. ആരിഫലി. ഒമാനിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യ'മവുമായി സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ വെളിവാക്കുന്നതായിരുന്നു 2005ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട്. 2006ൽ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വ്യാപകമായ ചർച്ചകളാണ് നടന്നത്. ഇതേവർഷത്തിലാണ് വിഷൻ 2016ന് തുടക്കം കുറിക്കുന്നത്. പരേതനായ സിദ്ധീഖ് ഹസ്സനായിരുന്നു പദ്ധതിക്ക് ചുക്കാൻ പിടിച്ചിരുന്നത്. അന്ന് ഒരു സ്വപ്നം എന്ന നിലക്കാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും അദ്ദേഹത്തിന്‍റെയും പ്രതിബദ്ധതയുള്ള പ്രവർത്തകരുടെയും ഫലമായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചു.
ഇപ്പോൾ പദ്ധതി 15 വർഷം പിന്നിട്ടിരിക്കുന്നു. കൂടുതൽ വിശാലമായ പദ്ധതികൾ നടപ്പിലാക്കണമെന്ന ഉദ്ദേശ്യത്തോടെ 2016ൽ ആണ് വിഷൻ 2026 പ്രഖ്യാപിക്കുന്നത്. സിദ്ദീഖ് ഹസ്സന്‍റെ മരണത്തിനുശേഷം അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് സജീവമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലണ് പ്രധാനമായും ഊന്നൽ. അദ്ദേഹത്തിന്‍റെ പേരിലുള്ള സ്കോളർഷിപ്, ഹരിയാനയിലെ മേവാത്തിൽ നോളജ് വില്ലേജ്, ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ അതിൽ ചിലതാണെന്നും ആരിഫലി പറഞ്ഞു.
ഗ്രാമങ്ങളിൽ മാറ്റങ്ങൾ ദൃശ്യമാണ്
പദ്ധതികൾ നടപ്പിലാക്കിയ സ്ഥലങ്ങളിലെല്ലാം മാറ്റങ്ങൾ കണ്ടുവരുന്നുണ്ട് എന്നുള്ളത് ആശാവഹമായ കാര്യങ്ങളാണ്. ദത്തെടുക്കുന്ന വില്ലേജുകളിൽ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായി കാര്യങ്ങൾ എന്താണോ ആവശ്യമുള്ളത് അത് പഠനം നടത്തിയതിനുശേഷമാണ് നടപ്പിൽ വരുത്തുന്നത്.
അതേസമയം, ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ വിവിധ ഇന്ത്യൻ സമൂഹത്തിന്‍റെ വ്യാപക പിന്തുണ ആവശ്യമാണ്. നിരവധി മുസ്ലിം സംഘടനകളുടെ പ്രവർത്തനം ഇപ്പോൾ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിന് വഴികാട്ടിയായത് വിഷന്‍റെ പ്രവർത്തനങ്ങളാണെന്നുപറയാം. വ്യത്യസ്ത എൻ.ജി.ഒകളുടെ നേതൃത്വത്തിൽ വളരെ ആസൂത്രണമായിട്ടാണ് വിഷന്‍റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ എൻ.ജി.ഒകളുടെ ഇടപാടുകൾ എപ്പോഴും അധികാരികൾ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. നിയമത്തിന്‍റെ എല്ലാവിധ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്.
സംഭാവന; മനോഭാവം മാറണം
കേരളത്തിൽനിന്ന് മികച്ച പിന്തുണയാണ് വിഷന് ലഭിച്ചിട്ടുള്ളത്. മിക്കവാറും പേരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സംഭാവന നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം സംഭാവന നൽകുന്നവർ വിദ്യാഭ്യാസ മേഖലകൂടി പരിഗണിക്കാൻ സന്നദ്ധത കാണിക്കണം.സമൂഹത്തിന്‍റെ സുസ്ഥിരമായ വികസനത്തിനുതകുന്ന സംഭാവന ചെയ്യാൻ കഴിയുന്ന ഒരു മനസ് ഉണ്ടായിത്തീരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ വിവിധ മുസ്ലിം സംഘടനകൾ നടത്തുന്ന പ്രവർത്തനത്തെ പോസിറ്റാവായി തന്നെയാണ് നോക്കിക്കാണുന്നത്. ഇവരിൽ പലരും തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്നത് വിഷന്‍റെ ഡേറ്റകളെതന്നെയാണ്.
സംഭാവന സ്വീകരിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നതിനോടൊപ്പം സർക്കാർ, അർധ സർക്കാർ എന്നിവിടങ്ങളിൽനിന്നുള്ള പരമാവധി ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഇതിനായി നടപ്പിലാക്കിയ സംവിധാനമാണ് നാഗരിക് വികാസ് കേന്ദ്രം. ഒരുേബ്ലാക്കിന്‍റെ ആസ്ഥാനത്താണ് ഇതു സ്ഥാപിക്കുന്നത്.
ജനങ്ങൾക്ക് സർക്കാർ വഴി ലഭ്യമാകേണ്ട കാര്യങ്ങളെ കുറിച്ച് ഇതിലൂടെ ജനങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രണ്ടു മുതൽ നാലു കോടി വരെ ഒരുവർഷത്തിൽ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികൾക്കും വേണം ബോധവത്കരണം
കേരളത്തിൽ വന്ന് പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വാധീനം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. പുല്ലുകൾ മാത്രം പാകിയ കുടിലുകൾക്കിടയിൽ നാലോ അഞ്ചോ വീടുകൾ ഇഷ്ടിക പാകിയതായി കാണാൻ കഴിയുന്നത് ഇതിന്‍റെ ഫലമാണ്.
കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാനതൊഴിലാളികൾക്ക് കൃത്യമായ ബോധവത്കരണം കൊടുക്കുകയാണെങ്കിൽ അവർക്കു തന്നെ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനായി കേരളത്തിൽ മാനവ് മൈഗ്രന്‍റ് ഫൗണ്ടേഷൻ എന്നപേരിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിഷന് ഒമാനിൽനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മാധ്യമം ഓഫിസിൽ നൽകിയ സ്വീകരണ ചടങ്ങിൽ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ, മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, വിഷൻ 2026 സി.ഇ.ഒ പി.കെ. നൗഫൽ, പി.സി. അബ്ദുറഹ്മാൻ (വിഷൻ 2026 , യു.എ.ഇ) തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.