വിഷന്‍ 2040: ഇന്ത്യ ഒമാെൻറ വിശ്വസ്ത പങ്കാളി –അംബാസഡർ
text_fieldsമസ്കത്ത്: ഇന്ത്യ-ഒമാന്‍ സാമ്പത്തിക-വ്യാപാര സഹകരണം ലക്ഷ്യംവെച്ചുള്ള അംബാസഡേഴ്സ് സി.ഇ.ഒ റൗണ്ട്-ടേബ്ള്‍ രണ്ടാമത് സെഷന് ഇന്ത്യന്‍ എംബസിയില്‍ നടന്നു. ഇന്ത്യ, ഒമാന്‍ വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ഒരു മുന്നേറ്റപാത എന്ന സന്ദേശത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് 15ല്‍പരം സ്വദേശി വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു. ഇരുരാജ്യവും തമ്മില്‍ ചരിത്രപരവും സവിശേഷവുമായ ബന്ധങ്ങളാണുള്ളതെന്ന് അംബാസഡര്‍ അമിത് നാരംഗ് പറഞ്ഞു. വിഷന്‍ 2040 ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യ ഒമാെൻറ വിശ്വസ്ത പങ്കാളിയായിരിക്കുമെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. ഇന്ത്യയിലെ നിക്ഷേപസാധ്യതകള്‍ തേടുന്നതിന് വ്യവസായികളെ അദ്ദേഹം ക്ഷണിച്ചു.
വിപണി പരിചയ കൈമാറ്റത്തിലൂടെയും മികച്ച സാമീപ്യങ്ങളിലൂടെയും നിക്ഷേപ സഹകരണം വര്‍ധിപ്പിക്കുന്നതിന് വലിയ സാധ്യതകള്‍ നിലവിലുണ്ട്. കോവിഡ് കാലത്തു പോലും ഒമാനിലേക്കുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വിശ്വസനീയ വിതരണ സ്രോതസ്സായിരുന്നു ഇന്ത്യ. ഒമാനിലെ ഫ്രീ സോണുകളില്‍ ഇരുമ്പ്, ഉരുക്ക്, സിമൻറ്, വളം, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, കേബിള്‍, ഓട്ടോേമാട്ടീവ് തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ വലിയ നിക്ഷേപകരായി മാറുകയാണ്. സുഹാറില്‍ നിന്ന് രണ്ട് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ഷിപ്പിങ് ആരംഭിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാന്‍ പ്രിയപ്പെട്ട കേന്ദ്രമാവുകയാണ്.
ഒമാന്‍ വിഷന്‍ 2040, തന്ഫീദ് പദ്ധതികള്‍ എന്നിവയിലൂടെ ഇന്ത്യയിലെയും ഒമാനിലെയും കമ്പനികള്‍ക്ക് ഒരുമിച്ച് വളരുന്നതിനുള്ള അവസരങ്ങള്‍ തുറക്കുമെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യയിലെ ഒമാന്‍ കമ്പനികളുടെ പ്രവര്ത്തനാനുഭവങ്ങള് സ്വദേശി വ്യവസായികള്‍ പങ്കുവെച്ചു. ഇന്ത്യന്‍ എംബസി നല്കുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്തി. ഭാവിയില്‍ കൂടുതല്‍ സഹകരണം രൂപപ്പെടുത്തുന്നതിനുള്ള വിവിധ ആശയങ്ങളും കാഴ്ചപ്പാടുകളും അവര്‍ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.