സന്ദർശന വിസയിലെത്തി കുടുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു
text_fieldsസുഹാർ: നാട്ടിലെ ഏജന്റുമാരുടെ വാക്ക് കേട്ട് സന്ദർശന വിസയിലെത്തി കുടുങ്ങുന്നവരുടെ എണ്ണം ദിനേന വർധിക്കുന്നു. ഒമാനിലെത്തിയ ശേഷം തൊഴിൽ വിസയിലേക്ക് മാറാം എന്ന ഉറപ്പിലാണ് നാട്ടിൽനിന്ന് ഏജന്റുമാർ എടുത്തുനൽകുന്ന സന്ദർശന വിസയിൽ പലരും എത്തുന്നത്. ലക്ഷം മുതൽ ഒന്നര ലക്ഷംവരെയാണ് ഇങ്ങനെ കുടുങ്ങിയ പലരും ഏജന്റുമാർക്കായി നൽകിയിരിക്കുന്നത്.
പുതുതായി എത്തുന്ന ആളെ എയർപോർട്ടിൽ സ്വീകരിക്കാനോ താമസം, ഭക്ഷണം മുതലായ കാര്യങ്ങൾ നോക്കാനോ പല ഏജന്റുമാരുടെ പ്രതിനിധികളും വരാറില്ല. നാട്ടിലുള്ള ഏജന്റ് കയറ്റിവിടുന്ന ആളുകളുടെ തലയെണ്ണി വിഹിതം ഇവിടെ കാര്യങ്ങൾ നോക്കുന്നവരുടെ അക്കൗണ്ടിൽ എത്താത്തതാണ് ഇതിന് കാരണമെന്ന് ഖാബൂറയിലെ രാജീവ് പറയുന്നു. ഇങ്ങനെ ഏജന്റുമാർ കൂട്ടിക്കൊണ്ടുപോകാൻ എത്താത്തതിനാൽ കൊല്ലം സ്വദേശികളായ രണ്ടുപേർക്ക് വീട്ടിൽ താമസവും ഭക്ഷണവും നൽകി സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
ഏജന്റുമാരോട് എങ്ങനെയെങ്കിലും മടക്ക ടിക്കറ്റ് തരപ്പെടുത്തി ഇവരെ നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് രാജീവ്. ഖദറയിൽ കാസർകോട്, കണ്ണൂർ സ്വദേശികളായ മൂന്നു പേർ ഇതുപോലെ പെട്ടുപോയിട്ടുണ്ട്. എംബസിയിൽ വെള്ളിയാഴ്ച നടക്കുന്ന ഓപൺ ഹൗസിലെത്തിച്ച് നാട്ടിലേക്ക് കയറ്റിയയക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്ന് ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകൻ ആന്റണി പറഞ്ഞു.
ബർക്കയിൽ ദുരിതം പേറി ആറ് പേരാണ് കഴിയുന്നത്. ഇവർ താമസിക്കുന്നിടത്തെ കറന്റ് കട്ട് ചെയ്തു. ഇപ്പോഴത്തെ വേനൽ ചൂടിൽ പലരുടെയും സഹായത്തിലാണ് കഴിയുന്നത്. ഇവരെയും എംബസിക്ക് മുന്നിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ സാമൂഹ്യ ക്ഷേമവിഭാഗം കോ കൺവീനർ നൗഫൽ പുനത്തിൽ പറഞ്ഞു.
ഇതുപോലുള്ള നിരവധി കേസുകൾ ദിനവും എത്തിക്കൊണ്ടിരിക്കുകയാണെന്നും നൗഫൽ പറയുന്നു. നാട്ടിലെ ഏജൻറുമാർക്കും മറ്റും വൻ സംഖ്യകൾ നൽകി മെച്ചമായ ജീവിതം പ്രതീക്ഷിച്ചാണ് പലരും വിമാനം കയറുന്നത്. ഇവരിൽ പലരും മസ്കത്തിൽ വിമാനം ഇറങ്ങുമ്പോൾ മാത്രമാണ് പറ്റിക്കപ്പെട്ടതായി അറിയുന്നത്. നാട്ടിലെ കടബാധ്യതയിൽനിന്നും സാമ്പത്തിക പ്രയാസങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമായി നിരവധി ആളുകൾ സന്ദർശന വിസയിൽ ഒമാനിൽ എത്തുന്നത്. വിസ കാലാവധി കഴിയുന്നതോടെ ഇവർ തിരിച്ച് പോവാൻ വഴിയില്ലാതെ ഒമാനിൽപെട്ട് പോവുകയാണ്. ഇവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അതത് സ്ഥലങ്ങളിലെ സാമൂഹ്യ പ്രവർത്തകരാണ്.
ഭക്ഷണവും താമസവും ലഭിക്കാതെ നട്ടം തിരിയുന്നവർ ധാരാളമുണ്ട്. അംഗീകൃത വിസ ഇല്ലാത്തതിന്റെ പേരിൽ ആരും ജോലി നൽകാനും തയാറാവില്ല. നാട്ടിൽനിന്ന് വിസക്ക് സമീപിക്കുമ്പോൾ മോഹന വാഗ്ദാനങ്ങളാണ് നൽകുക. ഇവിടെ എത്തിയാൽ കഠിന ജോലി നൽകും. അതിന് സാധ്യമാകില്ല എന്ന് പറഞ്ഞാൽ നാട്ടിലേക്ക് പറഞ്ഞയക്കും. സ്വന്തം ഇഷ്ടപ്രകാരം ജോലി വേണ്ടെന്നുവെച്ചത് കാരണം കൊടുത്ത കാശ് തിരിച്ചു ചോദിക്കാനും ആവില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പ്രയാസം
സുഹാർ: സന്ദർശന വിസ ഓൺലൈനിൽ കിട്ടുമെങ്കിലും അതിന്റെ അംഗീകാരം ഇവിടത്തെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജൻസികൾക്കാണ്. സന്ദർശന വിസയിൽ വന്നുപോകുന്നതുവരെ അവരുടെ വിസ പുതുക്കൽ, മറ്റുകാര്യങ്ങൾ എല്ലാം വിസയിൽ പേരുള്ള ട്രാവൽ ആൻഡ് ടൂറിസം കമ്പനികൾക്കാണ് ഉത്തരവാദിത്തം. സന്ദർശന വിസയിൽ എത്തുന്നവർ തൊഴിൽ വിസയിലേക്ക് മാറുമ്പോൾ ഇവർക്ക് പ്രശ്നങ്ങളില്ല.
എന്നാൽ, സന്ദർശന വിസയുടെ കാലാവധിക്കു മുമ്പ് തിരിച്ചുപോയില്ലെങ്കിൽ ട്രാവൽസുകാർ പിഴ ഒടുക്കേണ്ടിവരും. ഒരു ദിവസം പത്ത് റിയാൽ മുതൽ, ദിവസവും മാസവും കൂടുന്നതിനനുസരിച്ചു 550 റിയാൽവരെ ആണ് പിഴ. മാത്രമല്ല അധികൃതർ വലിയ തുക കെട്ടിവെച്ചു ലൈസൻസും കരസ്ഥമാക്കി നേടുന്ന അതോറിറ്റിയുടെ കോഡ് ബ്ലോക്ക് ചെയ്യും.
പിന്നീട് വിസയുടെ ജോലി നടക്കില്ല. ചില ട്രാവൽസുകളിൽ പിഴ തുക സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പ്രവണതകൊണ്ട് ജീവനക്കാർ പ്രയാസത്തിലായിരിക്കയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവർക്കും രാജ്യത്ത് പ്രയാസമില്ലാതെ കടന്നുവരാൻ വേണ്ടി സുതാര്യമാക്കിയ സന്ദർശന വിസയാണ് ചിലർ ദുരുപയോഗം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.