അറേബ്യൻ ഓറിക്സ് റിസർവിലേക്ക് സന്ദർശക പ്രവാഹം
text_fieldsമസ്കത്ത്: ഇക്കോ ടൂറിസത്തെ പിന്തുണക്കുന്നതിന്റെയും സുൽത്താനേറ്റിലെ പൈതൃക പാരിസ്ഥിതിക മൂല്ല്യങ്ങളെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഹൈമ വിലായത്തിൽ ആരംഭിച്ച അറേബ്യൻ ഓറിക്സ് വന്യമൃഗ സംരക്ഷണകേന്ദ്രം സന്ദർശകർക്ക് പ്രിയങ്കരമാകുന്നു. 2024ൽ ഇതുവരെ ഇവിടം സന്ദർശിച്ചവരുടെ എണ്ണം 1300 കവിഞ്ഞു.
ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാന്റെ സാമ്പത്തിക വികസനവും പാരിസ്ഥിക വൈവിധ്യവും വളർത്താനാകുമെന്ന് അറേബ്യ ഓറിക്സ് സംരക്ഷണ കേന്ദ്രം മേധാവി സുൽത്താൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. ആവാസ വ്യവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ട് റിസർവിൽ 80000ത്തോളം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും, ആകർഷണീയത വർധിപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2,824 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വലിയ കാടുകളോടെ വ്യാപിച്ചുകിടക്കുന്നതാണ് അറേബ്യൻ ഓറിക്സ് റിസർവ്. ഇവിടെ ഏകദേശം 900 അറേബ്യൻ ഓറിക്സുകളുണ്ട്. കൂടാതെ, 1,240 സാൻഡ് ഗസൽ, 160 അറേബ്യൻ ഗസൽ, നൂബിയൻ ഐബെക്സ്, സാൻഡ് ഫോക്സ്, ഹൈന, കാട്ടുമുയൽ, ഹണി ബാഡ്ജർ എന്നീ വന്യമൃഗങ്ങളുമുണ്ട്. സന്ദർശകരെ കൂടുതൽ ആകർഷിക്കുന്ന വിധത്തിലെ വൈവിധ്യങ്ങളും കാഴ്ചകളും റിസർവിലെ പ്രത്യേകതയാണ്. പുരാതന ഒമാനി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിലും റിസർവ് വഹിക്കുന്ന പങ്ക് വലുതാണെന്നും അൽ ബലൂഷി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.