ജബൽശംസ് സന്ദർശകർക്ക് വൈകാതെ സിപ്ലൈനിൽ പറക്കാം
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും നീളമുള്ള സിപ്ലൈൻ അൽഹംറയിൽ വരുന്നു. ഒരു കിലോമീറ്ററിലധികമാണ് ഇതിെൻറ നീളം. അൽഹംറ വിലായത്തിലുള്ള പുരാതന ഒമാനി ഗ്രാമമായ മിസ്ഫത്ത് അൽ അബ്രയീനിലാണ് പദ്ധതി വരുന്നത്. ജബൽശംസ് സന്ദർശിക്കാൻ എത്തുന്നവർക്ക് സാഹസികതയുടെ പുത്തൻ അനുഭവമൊരുക്കുന്നതാകും ഇത്. കമ്പികളിൽ തൂങ്ങിക്കിടന്ന് ആകാശക്കാഴ്ചകള് കാണാനുള്ള സൗകര്യമാണ് സിപ്ലൈൻ.
അൽ മിസ്ഫത്ത് അൽ അഹലിയ എന്ന കമ്പനിയാണ് സിപ്ലൈൻ നിർമിക്കുക. സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചതായി പദ്ധതിയുടെ ചുമതലയുള്ള സഇൗദ് അൽ അബ്രി പറഞ്ഞു. പൈതൃക-ടൂറിസം മന്ത്രാലയത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമിക്കുക. അൽ മിസ്ഫത്ത് അൽ അഹലിയക്കാണ് പ്രവർത്തന-സാേങ്കതിക ചുമതല. മുതിർന്നവർക്കായി 1100 മീറ്റർ ദൈർഘ്യമുള്ളതും കുട്ടികൾക്കായി 250 മീറ്റർ ദൈർഘ്യമുള്ളതുമായ സിപ്ലൈനുകളാണ് നിർമിക്കുക. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ അബ്രി പറഞ്ഞു. സാേങ്കതികമായതടക്കം നിരവധി കടമ്പകൾ കടന്നാണ് നിർമാണഘട്ടത്തിലേക്ക് എത്തിയത്.
പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള ടെക്നിക്കൽ സർവേ തയാറാക്കുന്നതിനായി ഭവന മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും അൽ അബ്രി പറഞ്ഞു. മിസ്ഫത്ത് അൽ അബ്രയീനിലെ ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും കമ്പനി നടത്തിയിട്ടുണ്ട്. പുരാതന ഗ്രാമത്തിലേക്കുള്ള പ്രധാന കവാടം അതിെൻറ എല്ലാ പഴമയും നിലനിർത്തി പുനരുദ്ധരിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഗ്രാമത്തിലെ മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകളും പുനർനിർമിച്ചു. ഇൗ വീടുകളിൽ സന്ദർശകർക്ക് തനത് ഒമാനി ഭക്ഷണം നൽകുന്ന ബേക്കറിയും റസ്റ്റാറൻറും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് കമ്പനി മിസ്ഫത്ത് അൽ അബ്രയീൻ വികസന പദ്ധതി പൂർത്തീകരിച്ചതെന്നും സഇൗദ് അൽ അബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.