വിദേശികളെ വിവാഹം കഴിക്കുന്ന ഒമാനികളുടെ എണ്ണം വർധിച്ചു
text_fieldsമസ്കത്ത്: വിദേശികളെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്ന ഒമാനികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞവർഷം ഇത്തരത്തിൽ 78 വിവാഹങ്ങളാണ് നടന്നത്. 2015ൽ ഇത് 43 ആയിരുന്നുവെന്നും ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ജി.സി.സി പൗരൻമാർ, അറബ് പൗരൻമാർ, മറ്റു രാജ്യക്കാർ എന്നിവരെ സ്വദേശി സ്ത്രീകളും പുരുഷന്മാരും വിവാഹം കഴിക്കുന്നതായാണ് കണ്ടുവരുന്നത്. ഒമാനിൽ സ്വദേശികളും വിദേശികളുമായുള്ള ജനസംഖ്യയിലെ അസന്തുലിതത്വത്തിന് ഒപ്പം വിവിധ സംസ്കാരങ്ങളുമായി ഇടപഴകുന്നതിനുള്ള താൽപര്യവുമാണ് വിദേശി വിവാഹങ്ങൾ കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. 2013ൽ മൊത്തം വിവാഹങ്ങളിൽ ഒമ്പതു ശതമാനം മാത്രമായിരുന്നു വിദേശ വിവാഹങ്ങൾ. ഇത് അടുത്ത വർഷങ്ങളിലായി വർധിച്ചുവരുകയാണ്. നിരവധി അപേക്ഷകൾ സർക്കാറിെൻറ അനുമതിക്കായി കാത്തിരിക്കുന്നുമുണ്ട്. ജി.സി.സി രാഷ്ട്രങ്ങൾക്ക് പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവരിൽ കൂടതലും സ്ത്രീകളാണെന്നും കണക്കുകൾ പറയുന്നു. അതേസമയം, മൊത്തം വിവാഹങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 6.4 ശതമാനം കുറഞ്ഞു. 2012ൽ 29,840 ആയിരുന്ന വിവാഹങ്ങൾ 2015ൽ 25,659 ആയും കഴിഞ്ഞ വർഷം 24,014 ആയുമായാണ് കുറഞ്ഞത്. ഒരു ദിവസം 67 വിവാഹങ്ങൾ എന്ന കണക്കിനാണ് കഴിഞ്ഞവർഷം നടന്നത്. മൊത്തം 3736 വിവാഹമോചന സർട്ടിഫിക്കറ്റുകളും നൽകി.
വിേദശികളെ വിവാഹം കഴിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയത്. പുരുഷൻമാർക്ക് കുറഞ്ഞത് 45 വയസ്സ് പൂർത്തിയായിരിക്കണം. അടുത്ത വാലി ഒാഫിസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് അപേക്ഷ ആഭ്യന്തര മന്ത്രാലയം ഒാഫിസിൽ രജിസ്റ്റർ ചെയ്യും. ആർ.ഒ.പി, സാമൂഹികക്ഷേമ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുടെ പരിഗണനക്ക് ശേഷമാണ് അനുമതി ലഭിക്കുക. സ്ത്രീകളാണെങ്കിൽ 30 വയസ്സ് പൂർത്തിയായിരിക്കണം. രക്ഷാകർത്താവിെൻറ അനുമതി പത്രമടക്കം കർശന കടമ്പകൾ കടന്നാൽ മാത്രമേ സ്ത്രീകൾക്ക് വിദേശികളെ വിവാഹം കഴിക്കാൻ അനുമതി ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.