വാദികബീർ വെടിവെപ്പ്; സാന്ത്വനം പകർന്ന് ഇന്ത്യ, പാകിസ്താൻ എംബസികൾ ഒമാൻ അധികൃതർ സന്ദർശിച്ചു
text_fieldsമസ്കത്ത്: വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഇന്ത്യ, പാകിസ്താൻ അംബാസഡർമാരെ സന്ദർശിച്ച് ഒമാനി അധികൃതർ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഖാലിദ് ബിൻ ഹാഷൽ അൽ മുസൽഹി, ജി.സി.സി, റീജിയണൽ നൈബർഹുഡ് വിഭാഗം മേധാവി അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ ഹാഷെൽ അൽ മസ്കാരി എന്നിവരാണ് ഇന്ത്യൻ അംബാസഡർ അമിത് നാരങ്, പാകിസ്താൻ അംബാസഡർ മുഹമ്മദ് ഇംമ്രാൻ അലി ചൗധരി എന്നിവരെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയത്. അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഭവത്തിൽ ആത്മാർഥമായ അനുശോചനവും ദുഃഖിതരായ കുടുംബങ്ങളോട് സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാനി ഉദ്യോഗസ്ഥർ ആശംസിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒമാന്റെ പിന്തുണയും ഐക്യദാർഢ്യവും അവർ ഊന്നിപ്പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും ആക്രമണകാരികളെ നേരിടാനും ഒമാനി അധികൃതർ സ്വീകരിച്ച വേഗത്തിലുള്ളതും ഫലപ്രദവുമായ നടപടികളെ ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ പ്രശംസിച്ചു. ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിനും അവർ നന്ദി പറയുകയും ചെയ്തു.
റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിൽ അംബാസഡർമാർ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ഒമാനുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൂർണ ഐക്യദാർഢ്യം അറിയിച്ച അംബാസഡർമാർ സുൽത്താനേറ്റിന്റെ സുരക്ഷിതത്വവും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെ വാദികബീർ മസ്ജിദ് പരിസരത്ത് നടന്ന വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്.
മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസൈന്റെ കുടുംബത്തെയും അംബാസഡര്‍ അമിത് നാരങ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. മകന് തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ് ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് ഇന്ത്യക്കാരെ മസ്കത്ത് എംബസി അധികൃതര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.