വാദി കബീർ വെടിവെപ്പ്; ഒമാൻ ശൂറ കൗൺസിൽ അപലപിച്ചു
text_fieldsമസ്കത്ത്: വാദി കബീർ വെടിവെപ്പ് സംഭവത്തിൽ ഒമാൻ ശൂറ കൗൺസിൽ അപലപിച്ചു. മരിച്ച റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ യൂസഫ് അൽ നദാബിയുടെ കുടുംബത്തിനും മറ്റു അഞ്ച് പേരുടെ കുടുംബങ്ങൾക്കും ശൂറ കൗൺസിൽ അഗാധമായ അനുശോചനവും രേഖപ്പെടുത്തി.
സംഭവത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 28 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് ആർ.ഒ.പി അംഗങ്ങളും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. മരണപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കുകയാണെന്നും സംഭവത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സുരക്ഷ, സൈനിക ഏജൻസികൾ വഹിച്ച പങ്കിനെയും പൗരന്മാരുടെയും താമസക്കാരുടെയും സംഭാവനകളെയും ശൂറ കൗൺസിൽ പ്രശംസിച്ചു. അതേസമയം, സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ശൂറ കൗൺസിൽ, ഇത്തരം പ്രവർത്തനങ്ങൾ ഒമാനി മണ്ണിൽ അംഗീകരിക്കാനാവില്ലെന്നും ഊന്നിപ്പറഞ്ഞു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാന്റെ സുരക്ഷക്കും സ്ഥിരതക്കു വേണ്ടിയുള്ള പ്രാർഥനയോടെയാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.