വേതന സംരക്ഷണ സംവിധാനം; തൊഴിലുടമകൾക്ക് പരാതികൾ സി.ബി.ഒ പോർട്ടലിലൂടെ സമർപ്പിക്കാം
text_fieldsമസ്കത്ത്: തൊഴിലുടമകൾക്ക് വേതന സംരക്ഷണ സംവിധാനത്തെ (ഡബ്ല്യു.പി.എസ്) സംബന്ധിച്ച പരാതികൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) പോർട്ടലിലൂടെ സമർപ്പിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സി.ബി.ഒയുടെ ഔദ്യോഗിക സംവിധാനം വഴി ലൈസൻസുള്ള പ്രാദേശിക ബാങ്കുകൾ മുഖേനയാണ് പരാതികൾ സമർപ്പിക്കേണ്ടത്. തൊഴിൽദാതാക്കൾക്ക് https://cbo.gov.om/ar വഴി സെൻട്രൽ ബാങ്ക് ഓഫ് ഒമാനിന്റെ പരാതി സംവിധാനത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണിത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജൂഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ, അതേസമയം, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡബ്ല്യു.പി.എസ് സംവിധാനം നടപ്പാക്കിയിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരുന്നത്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.