സ്വകാര്യ മേഖലയിലെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം; വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിക്ക് അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡേറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു.
ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴു ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ, ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽനിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജുഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.