Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിനോദസഞ്ചാര...

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മുൻനിരയിലേക്ക്​ ​ ഇനി വകാൻ ഗ്രാമവും

text_fields
bookmark_border
തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമം
cancel
camera_alt

തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമം


മസ്കത്ത്​: രാജ്യത്തിന്‍റെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുൻനിരയിലേക്ക്​ ​ കുതിക്കാനൊരുങ്ങി തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമവും. 32,000 വിനോദ സഞ്ചാരികളാണ്​ കഴിഞ്ഞ വർഷം ഇവിടെയെത്തിയത്​. ദിവസങ്ങൾക്ക്​ മുമ്പ്​ ചേർന്ന മന്ത്രിസഭയോഗത്തിൽ​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ അൽ ജബൽ അൽ അബ്യാദ് പ്രദേശത്തിന്റെയും വകാൻ ഗ്രാമത്തിന്റെയും വികസനം വേഗത്തിലാക്കാൻ നിർദേശിച്ചിരുന്നു​. യാത്രകൾ, ക്യാമ്പിങ്​, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് ജബൽ അൽ അബ്യാദ് സ്ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.

മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്​. വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലാണ്​ വകാൻ ഗ്രാമം. ദാഖിലിയ ഗവർണറേറ്റിന്‍റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്‍റെ ഭാഗമാണ് വകാൻ. വകാന്​ പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്​, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ്​ വാദി മിസ്റ്റലിൽ ഉൾപ്പെടുന്നത്​. പച്ചയിൽ പുതഞ്ഞിരിക്കുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ മനം കവരുന്നതാണ്​.

ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ്​ സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക്​ സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ്​ വന്നെത്താറുള്ളത്​. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട്​ തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.

സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ്​ വകാൻ. ഈ പഴങ്ങൾ നടുന്നതിന്​ ഉയർന്ന പ്രദേശവും തണുത്ത കാലാവസ്ഥയും ആവശ്യമാണ്​. രണ്ടും ഒത്തിണങ്ങിയ പ്ര​ദേശമാണിത്​. അത്തരം കാലാവസ്ഥ കർഷകർക്ക് മികച്ച വിളവ് നേടാനും അത്​ വാണിജ്യപരമായി നേട്ടങ്ങൾ കൊയ്യാനും സാധിക്കും. ഉയർന്ന ഡിമാൻഡ് കാരണം കർഷകർക്ക്​ മികച്ച വരുമാന മാർഗമാണ്​ ആപ്രിക്കോട്ട്​. രാസപദാർഥങ്ങൾ ഒന്നും ​ചേർക്കാതെ വളരുന്ന ആപ്രിക്കോട്ട് വിളകൾക്ക് പേരുകേട്ടതാണ് ഈ ചെറിയ ഗ്രാമം.


വകാൻ ഗ്രാമത്തിലെത്തിയ സഞ്ചാരികൾ


ഏപ്രിൽ പകുതിയോടെയാണ്​ പാകമാകാൻ തുടങ്ങുക. വിളവെടുപ്പ് ഒരു മാസം മുതൽ ഒന്നരമാസം വരെ തുടരും. പ്രാദേശിക കർഷകർ തങ്ങളുടെ വിളകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അല്ലെങ്കിൽ സൂഖ് നഖിലും സമീപത്തെ മാർക്കറ്റുകളിലും ഇവ വിൽക്കും. നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്​. മിക്ക പ്രധാന റോഡുകളിലൂടെയും യാത്ര സുഗമമാണെങ്കിലും പാർക്കിങ്​ സൗകര്യങ്ങൾ പരിമിതമാണ്​. മലയിലേക്കുള്ള കയറ്റം വളരെ ദുർഘടം പിടിച്ചതാണ്​ അതുകൊണ്ടുതന്നെ ഫോർ വീൽ ഡ്രൈവ്​ വാഹനങ്ങളിൽ എത്തുന്നതായിരിക്കും നല്ലത്​.

സുൽത്താന്‍റെ പുതിയ നിർദേശ​ത്തോടെ ഗ്രാമത്തിന്‍റെ മുഴുവൻ സാധ്യതകളും പ്രയേജനപ്പെടുത്തി മുൻനിര ടൂറിസ്റ്റ്​ കേന്ദ്രങ്ങളി​ലൊന്നാകാനാണ്​ വകാൻ ഒരുങ്ങുന്നത്​. അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം, ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയവയടക്കമുള്ള വികസനപ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക.

ഇതോടെ വർഷം മുഴുവനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാക്കി മാറ്റുകയാണ്​ ലക്ഷ്യം വെക്കുന്നത്​. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഒമാന്റെ 2040 കാഴ്ചപ്പാടിന് അനുസൃതമായുള്ള ഈ വികസനം പൗരന്മാർക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newstourismwakan
News Summary - Wakan village is now in the forefront of tourist destinations
Next Story