ദേശീയ ഫുട്ബാൾ താരങ്ങൾക്ക് ഊഷ്മള സ്വീകരണം
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിെൻറ അവസാന റൗണ്ടിലെ ആദ്യ മത്സരത്തിൽ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് തിരിച്ചെത്തിയ ഒമാൻ ഫുട്ബാൾ ടീമിന് രാജകീയ സ്വീകരണം.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ശൈഖ് സാലിം അൽ വഹൈബിയും മാനേജ്മെൻറ് പ്രതിനിധികളും നേരിട്ടെത്തി താരങ്ങളെ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ താരങ്ങൾ സഞ്ചരിച്ച വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്താവളത്തിൽ വരവേറ്റത്. മസ്കത്ത് എയർപോർട്ട് അധികൃതർ സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജപ്പാനിലെ മികച്ച വിജയത്തിൽ അഭിനന്ദനമറിയിച്ചാണ് സ്വീകരണമൊരുക്കിയതെന്നും ദേശീയ ടീമിന് എല്ലാ ആശംസകളും നേരുന്നതായും ട്വീറ്റിൽ അധികൃതർ പറഞ്ഞു.
ജപ്പാനിലെ ഒസാക്കയിലാണ് കഴിഞ്ഞദിവസം യോഗ്യതറൗണ്ട് മത്സരം നടന്നത്. കളിയവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്തിന് മുഴുവൻ ആഹ്ലാദം പകർന്ന് ഇസാം അൽ സുബ്ഹി ഗോളടിച്ചത്. ജയത്തോടെ ഒമാൻ മൂന്ന് പോയൻറുകൾ നേടി. സെപ്റ്റംബർ ഏഴിന് ബൗഷർ സുൽത്താൻ ഖാബൂസ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സൗദി അറേബ്യക്കെതിരെയാണ് അടുത്ത മത്സരം.
കരുത്തരായ ജപ്പാനെതിരെ നേടിയ വിജയം ടീമിെൻറ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗ്രൂപ് ബിയിൽ ഒമാനും ജപ്പാനും പുറമെ ആസ്ട്രേലിയ, സൗദി, വിയറ്റ്നാം, ചൈന എന്നീ ടീമുകളാണുള്ളത്. ഒമ്പത് മത്സരങ്ങൾ കളിച്ച ജപ്പാന് ആദ്യമായാണ് പരാജയമുണ്ടാകുന്നത്. ജപ്പാനെ തോൽപിച്ച് നാട്ടിൽ തിരിച്ചെത്തിയ ഫുട്ബാൾ താരങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിവിധ കോണുകളിൽനിന്ന് അഭിനന്ദന പ്രവാഹമാണ്.
ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ സാന്നിധ്യമറിയിക്കാൻ സാധിച്ചാൽ രാജ്യത്തിന് വലിയ മുതൽക്കൂട്ടാകും. ഈ ലക്ഷ്യത്തിലേക്ക് പ്രധാന കടമ്പയാണ് ജപ്പാനെ തോൽപിച്ചതിലൂടെ ടീമിന് മറികടക്കാനായത്.
ഒമാൻ-സൗദി മൽസരം: കാണികളെ അനുവദിക്കും
മസ്കത്ത്: ഈ മാസം ഏഴാം തീയതി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിലെ ഒമാൻ-സൗദി മത്സരത്തിൽ കാണികൾക്ക് പ്രവേശനം നൽകും. കോവിഡ് പ്രതിരോധത്തിനുള്ള സുപ്രീംകമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. കോവിഡ് വാക്സിൻ രണ്ട് ഡോസുമെടുത്തവരെയാണ് പ്രവേശിപ്പിക്കുക. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിെൻറ 30 ശതമാനം ശേഷിയിലാണ് കാണികളെ അനുവദിക്കുക. ടി.എം ഡൺ ആപ്ലിക്കേഷൻ വഴിയാണ് ടിക്കറ്റുകൾ വിൽപന വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ ആരംഭിച്ചു. സുപ്രീംകമ്മിറ്റിയും സാസ്കാരിക, കായിക, യുവജന മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്. മൽസരത്തിൽ ദേശീയ ടീമിനെ പിന്തുണക്കുന്നതിനാണ് കാണികളെ അനുവദിക്കുന്നതെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.