സന്നാഹ മത്സരം; നിറഞ്ഞു കവിഞ്ഞു സ്റ്റേഡിയം
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷമുള്ള ആദ്യത്തെ അന്തർദേശീയ സൗഹൃദ മത്സരത്തിന് ഒമാനിലെ സ്വദേശികളും വിദേശികളും ഒഴുകിയെത്തി. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിത്തന്നെ മത്സരത്തെ കണ്ട സ്വദേശികൾ ദേശീയപതാകകളും ചെണ്ടമേളങ്ങളും മുഖാവരണവുമൊക്കെയായാണ് സ്റ്റേഡിയത്തിലെത്തിയത്. 27,000 ആളുകൾക്ക് ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ 25654 ആളുകൾ കളികാണാൻ എത്തിയെന്നാണ് കണക്ക്. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായാണ് അഞ്ചു മുതൽ പത്തു ശതമാനംവരെ ഇരിപ്പിടങ്ങൾ ഒഴിച്ചിട്ടത്. ആയിരക്കണക്കിനാളുകൾ സ്റ്റേഡിയത്തിനു അകത്തു കടക്കാൻ സാധിക്കാതെ പുറത്തു നിൽക്കേണ്ടിവന്നു.
ഗാലറിക്ക് അഞ്ചും വി.ഐ.പി ടിക്കറ്റിനു 25റിയാലും ആയിരുന്നു നിരക്ക്. സ്വദേശികളിൽ നല്ലൊരു വിഭാഗം ആളുകൾ ജർമൻ ആരാധകരാണ്. അതിനുപുറമെ ഒമാനിലെ ജർമൻ പ്രവാസികളും മലയാളികൾ അടക്കമുള്ള വിദേശ ജർമൻ ആരാധകരും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അർഹിച്ച സമനിലപോലും നേടാനായില്ലെങ്കിലും ആരാധകർക്ക് നല്ലൊരു ദേശീയ ദിന സമ്മാനം നൽകിയാണ് ഒമാൻ കളിക്കാർ സ്റ്റേഡിയം വിട്ടത്. മത്സര ശേഷം ജർമൻ താരങ്ങൾ കൂട്ടത്തോടെ കാണികളെ അഭിവാദ്യം ചെയ്തു. 2009 ൽ ബ്രസീൽ ടീം സൗഹൃദ മത്സരത്തിന് എത്തിയതിനുശേഷം ഇതാദ്യമായാണ് ഒരു മുൻനിര ടീം ഒമാനുമായി മത്സരിക്കാനെത്തുന്നത് . ജർമനിയിൽനിന്നും വൻ മാധ്യമപ്പട തന്നെ ഒമാനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.